രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയിൽ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാൽ അന്വേഷണം എവിടെയും എത്തിയില്ല.
തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള വിഷയം എന്നിവ ഇതുകൊണ്ട് മറച്ചുപിടിക്കാൻ ആർക്കും കഴിയില്ല. ഏറെ നാളായി രാഹുലിന്റെ വിഷയം മാധ്യമങ്ങളിലടക്കം ചർച്ചചെയ്യപ്പെട്ടതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.














