കാലാകാലങ്ങളില്‍ ലോകത്തിലെ വിവിധ നീതിന്യായ സംവിധാനങ്ങള്‍ വിവാഹബന്ധത്തെ സംബന്ധിച്ച് സഭാകോടതികള്‍ നല്‍കുന്ന ഉത്തരവുകളെ “വിവാഹമോചനം” എന്നു വിളിക്കുകയും അതിന്‍റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് വിധികള്‍ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്തുണ്ടായ ഇത്തരം കോടതി വിധികളെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ‘സഭാകോടതികള്‍ക്ക് വിവാഹമോചനം നല്‍കാന്‍ അധികാരമില്ല’ എന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ ചില സത്യങ്ങള്‍ ഓരോ വിശ്വാസിയും അവിശ്വാസിയും നിയമപാലകനും അറിഞ്ഞിരിക്കണം.
കത്തോലിക്കാ സഭയില്‍ വിവാഹമോചനം ഇല്ല
‘സഭാകോടതികള്‍ നല്‍കുന്ന വിവാഹമോചനം’ എന്ന പ്രയോഗം തന്നെ തെറ്റാണ്. കാരണം കത്തോലിക്കാ സഭ വിവാഹമോചനം അനുവദിക്കുന്നില്ല. “ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ” (മത്തായി 19:6) എന്ന നമ്മുടെ കര്‍ത്താവിന്‍റെ കല്‍പ്പന അനുസരിച്ച് മാമ്മോദീസ സ്വീകരിച്ച പുരുഷനും സ്ത്രീയും തമ്മിലുള്ള സാധുവായ വിവാഹത്തെ വേര്‍പെടുത്താന്‍ സഭയ്‌ക്കോ ഈ ഭൂമിയിലെ നിയമസംവിധാനങ്ങള്‍ക്കോ അധികാരമില്ല.
ഈ വിഷയത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനം ഇപ്രകാരമാണ്:
“വിവാഹബന്ധം വേര്‍പിരിയാത്തതായി നിലകൊള്ളണമെന്ന സ്രഷ്ടാവിന്‍റെ ആദിമമായ ഉദ്ദേശ്യം കര്‍ത്താവായ യേശു ആവര്‍ത്തിച്ചു പഠിപ്പിച്ചു. പഴയനിയമത്തില്‍ കടന്നുകൂടിയ വിട്ടുവീഴ്ചകള്‍ അവിടുന്നു നീക്കംചെയ്തു. മാമ്മോദീസ സ്വീകരിച്ചവര്‍ തമ്മിലുള്ള സാധുവാക്കപ്പെട്ടതും പൂര്‍ത്തിയാക്കപ്പെട്ടതുമായ വിവാഹത്തെ ഒരു മാനുഷികാധികാരിക്കും മരണമൊഴികെ യാതൊരു കാരണത്താലും വേര്‍പെടുത്താനാവില്ല.
വിവാഹമോചനം പ്രകൃതി നിയമത്തിനെതിരെയുള്ള ഗൗരവപൂര്‍ണ്ണമായ ഒരു തെറ്റാണ്. മരണം വരെ ഒന്നിച്ചു ജീവിച്ചുകൊള്ളാമെന്നു ദമ്പതികള്‍ സ്വതന്ത്രമായി ചെയ്ത ഉടമ്പടിയെ അതു ലംഘിക്കുന്നു. രക്ഷാകര ഉടമ്പടിയുടെ കൗദാശിക അടയാളമായ വിവാഹ ഉടമ്പടിയെ അതു മുറിപ്പെടുത്തുന്നു. സിവില്‍ നിയമം അംഗീകരിച്ചാലും, പുതിയൊരു ബന്ധം സ്ഥാപിക്കുന്നത് പിളര്‍പ്പിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പുനര്‍വിവാഹം നടത്തുന്ന പങ്കാളി സ്ഥായിയായും പരസ്യമായും വ്യഭിചാരത്തിന്‍റെ അവസ്ഥയിലാണ്. ഈ സ്ഥിതി തുടരുന്നിടത്തോളം കാലം അവര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ പാടില്ല. അതേ കാരണത്താല്‍ അവര്‍ക്കു സഭാത്മകമായ ചില ഉത്തരവാദിത്വങ്ങള്‍ വഹിക്കുവാനും സാധ്യമല്ല. ഉടമ്പടിയുടെ അടയാളത്തിനും ക്രിസ്തുവിനോടുള്ള വിശ്വസ്തതയ്ക്കും ഭംഗം വരുത്തിയതിനു പശ്ചാത്തപിക്കുകയും പരിപൂര്‍ണ്ണ വിരക്തിയില്‍ ജീവിക്കാമെന്ന കടമ ഏറ്റെടുക്കുകയും ചെയ്യുന്നവര്‍ക്കേ അനുതാപ കൂദാശയിലൂടെ അനുരഞ്ജനം നല്‍കാന്‍ പാടുള്ളൂ.
ഭാര്യയെ ഉപേക്ഷിച്ച പുരുഷൻ മറ്റൊരുവളെ വിവാഹം കഴിക്കാൻ പാടില്ല; ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളെ മറ്റൊരുവന്‍ ഭാര്യയാക്കാനും പാടില്ല. കുടുംബത്തിലും സമൂഹത്തിലും ക്രമക്കേടു സൃഷ്ടിക്കുന്നതു കൊണ്ടു കൂടി വിവാഹമോചനം അധാര്‍മ്മികമാണ്. ഈ ക്രമക്കേട് താഴെപ്പറയുന്ന ദ്രോഹങ്ങള്‍ വരുത്തുന്നു.
1. പങ്കാളിക്ക് ഉപേക്ഷിക്കപ്പെടുന്നതിന്‍റെ ആഘാതമേല്‍ക്കുന്നു.
2. കുട്ടികള്‍ക്കു മാതാപിതാക്കള്‍ വേര്‍പെടുന്നതും ചിലപ്പോള്‍ അവര്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ വിഷയമാകുന്നതും മൂലം ആഴത്തില്‍ മുറിവേല്‍ക്കുന്നു.
3. സാംക്രമിക സ്വഭാവമുള്ളതിനാല്‍ സമൂഹത്തിനു അത് ഒരു യഥാര്‍ത്ഥ വ്യാധിയായിത്തീരുന്നു.” (CCC 2382, 2384, 2385)
സഭാ കോടതികള്‍ എന്താണ് ചെയ്യുന്നത്?
ഏതൊരു ക്രൈസ്തവ വിവാഹവും സാധുവാകണമെങ്കില്‍ ചില പ്രത്യേക വ്യവസ്ഥകള്‍ പാലിച്ചിരിക്കണമെന്ന് കാനോന്‍ നിയമം നിഷ്കര്‍ഷിക്കുന്നു. ഇപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെടാതെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ അസാധുവാക്കുക മാത്രമേ സഭാകോടതികള്‍ ചെയ്യുന്നുള്ളൂ. അതായത് ഇപ്രകാരം പ്രസ്തുത വിവാഹം നടന്നിട്ടില്ല എന്നു തീര്‍പ്പു കല്‍പ്പിക്കുന്നു.
വിവാഹ ഉടമ്പടിയിലേര്‍പ്പെടുന്നവര്‍ സ്വാതന്ത്ര്യമുള്ളവരും സ്വതന്ത്രമായി തങ്ങളുടെ സമ്മതം പ്രകടമാക്കുന്നവരും ആയിരിക്കണം. അതുപോലെ പ്രകൃതിനിയമത്തിന്‍റെയും സഭാനിയമത്തിന്‍റെയും തടസ്സങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യണം. വിവാഹത്തെ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഈ അവശ്യഘടകങ്ങളുടെ അഭാവത്തിൽ നടത്തപ്പെട്ട വിവാഹങ്ങളാണ് സഭാകോടതികൾ പരിഗണിക്കുന്നത്. (ഉദാഹരണമായി വിവാഹസമയത്ത് മാനസികരോഗമുണ്ടായിരിക്കുക, ലൈംഗിക ശേഷി ഇല്ലാതിരിക്കുക, സമ്മതമില്ലാതെ വിവാഹം നടത്തുക മുതലായ കാരണങ്ങൾ സഭാകോടതികൾ പരിഗണിക്കാറുണ്ട്).
“വിവാഹത്തെ അസാധുവാക്കുന്ന കാരണങ്ങളാല്‍, അധികാരമുള്ള സഭാകോടതിക്ക് സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം ഒരു വിവാഹം അസാധുവാണെന്ന്, അതായത്, ആ വിവാഹം നടന്നിട്ടില്ല എന്നു പ്രഖ്യാപിക്കാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ബന്ധപ്പെട്ട വ്യക്തികള്‍ വിവാഹം കഴിക്കാന്‍ സ്വതന്ത്രരായിരിക്കും; ആദ്യബന്ധത്തിന്‍റെ സ്വാഭാവിക ബാധ്യതകള്‍ തീര്‍ത്തിരിക്കണമെന്നുമാത്രം.” (CCC 1629)
ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍
വിവാഹം സാധുവായിരിക്കുമ്പോഴും, ഒഴിച്ചു കൂടാനാവാത്ത ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞു താമസിക്കുവാന്‍ സഭാനിയമം അനുവദിക്കുന്നുണ്ട്. ഇത് വിവാഹ ബന്ധത്തിന്‍റെ വേര്‍പെടുത്തല്‍ അല്ല. ഇപ്രകാരം വേര്‍പിരിഞ്ഞു താമസിക്കുമ്പോഴും അവരുടെ വിവാഹബന്ധം നിലനില്‍ക്കുന്നു. ഇക്കാരണത്താല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഇക്കൂട്ടര്‍ക്ക് അനുവാദമില്ല.
“പല കാരണങ്ങളാൽ ഒരുമിച്ചു താമസിക്കുക പ്രായോഗികമായി അസാധ്യമായിത്തീരുന്ന സാഹചര്യങ്ങളുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ ദമ്പതികള്‍ ശാരീരികമായി വേര്‍പിരിയുന്നതിനും സഹവാസം അവസാനിപ്പിക്കുന്നതിനും സഭ അനുവദിക്കുന്നു. അവര്‍ ദൈവത്തിന്‍റെ മുന്‍പില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അല്ലാതാകുന്നില്ല. അതിനാല്‍ പുതിയൊരു വിവാഹ ബന്ധത്തിനു സ്വാതന്ത്ര്യമില്ല.” (CCC 1649)
മേൽപറഞ്ഞ കാരണങ്ങളാൽ മാമ്മോദീസ സ്വീകരിച്ച പുരുഷനും സ്ത്രീയും തമ്മിലുള്ള സാധുവായ വിവാഹത്തെ വേര്‍പെടുത്താന്‍ സഭക്കോ ഈ ഭൂമിയിലെ നിയമസംവിധാനങ്ങള്‍ക്കോ അധികാരമില്ല. മനുഷ്യൻ രൂപകൽപന ചെയ്ത എല്ലാ നിയമങ്ങൾക്കും ഉപരിയായി നിലകൊള്ളുന്നത് ദൈവത്തിന്റെ കൽപ്പനകളാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision