വയനാട് വണ്ടിക്കടവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ദേവര്‍ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
പ്രദേശത്ത് ദിവസങ്ങളായി ഭീതി പരത്തിയ WWL 48 എന്ന കടുവയാണ് കൂട്ടില്‍ അകപ്പെട്ടിരിക്കുന്നത്. 14 വയസാണ് ഈ കടുവയുടെ പ്രായം. പ്രായാധിക്യമുള്ളതിനാല്‍ കടുവയെ തുറന്നു വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ത്വക്കിലെ പാറ്റേണുകളും ശരീരത്തിലെ മുറിവുകളും അടിസ്ഥാനപ്പെടുത്തിയാണ് നരഭോജി കടുവ തന്നെയാണ് കൂട്ടിലായിരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. കടുവയ്ക്ക് മതിയായ ചികിത്സകള്‍ ഉറപ്പുവരുത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












