പാലാ : മുണ്ടാങ്കൽ – ഇളം തോട്ടം ഭാഗത്ത് ഇന്നലെ വെളുപ്പിനെ മൂന്നുമണിയോടെ പല വീടുകളിലും കള്ളന്റെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയതായും ആൾക്കാർ ജാഗ്രത പാലിക്കണമെന്നും പാലാ ഡിവൈഎസ്പി കെ സദൻ അറിയിച്ചു. ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിവിധ മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്നും പുറം വാതിൽ പൊളിച്ച്
അകത്ത് കയറുന്ന രീതിയാണ് ഇയാളുടേതെന്നും അദ്ദേഹം പറഞ്ഞു. പരിഭ്രാന്തി വേണ്ടെന്നും ഉൾവഴികളിൽ രാത്രി പട്രോളിംഗ് സജീവമാക്കിയതായും അദ്ദേഹം . എങ്കിലും ഓരോ വീട്ടുകാരും മുൻകരുതലുകൾ എടുക്കണമെന്നും വാതിലുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വാതിലിനോട് ചേർന്ന് അലുമിനിയം – സ്റ്റീൽ പാത്രങ്ങൾ
അടുക്കിവെക്കുന്നത് ഉത്തമമാണെന്നും , വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ അവ മറിഞ്ഞുവീണ് ഉണ്ടാകുന്ന ശബ്ദം പെട്ടെന്ന് ഉണരാൻ കാരണമാകും എന്നും അദ്ദേഹം പറഞ്ഞു. വീടിന് വെളിയിൽ കള്ളന്റെ സാന്നിധ്യം അറിഞ്ഞാൽ ഉള്ളിലെ ലൈറ്റ് ഇടാതെ ആദ്യം പുറത്തെ ലൈറ്റ് ഇടണമെന്നും
അയൽക്കാരെയും പോലീസിനെ ഫോൺവിളിച്ച് വിവരം അറിയിക്കണമെന്നും, രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്നവർ ഇയാളുടെ രൂപസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടാൽ 112 നമ്പറിൽ വിവരം അറിയിക്കണം എന്നും ഡിവൈഎസ്പി കെ. സദൻ അറിയിച്ചു.