പാലാ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് പാലാ രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടന്ന കുഞ്ഞച്ചൻ തീർത്ഥാടനം രാമപുരത്ത് വിജയകരമായി സമാപിച്ചു. മാതൃവേദി-പിതൃവേദി പ്രവർത്തകരുടെ സജീവ പങ്കാളിത്തം തീർത്ഥാടനത്തിന് ശ്രദ്ധേയമായി.
രാവിലെ 9 മണിക്ക് രജിസ്ട്രേഷനും തുടർന്ന് ജപമാലയും ഉണ്ടായി. ചങ്ങനാശ്ശേരി അതിരൂപത അദ്ധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യകാർമ്മികത്വം വഹിച്ച പരിശുദ്ധ കുർബാനയും സന്ദേശവും തീർത്ഥാടകർക്ക് ആത്മീയ ഉണർവേകി. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ സഹകാർമ്മികനായിരുന്നു.
തുടർന്ന് 11.30 ന് പള്ളിയിൽ നിന്ന് ആരംഭിച്ച ജപമാല പ്രദക്ഷിണത്തിൽ 2500 ഓളം പ്രവർത്തകർ പങ്കെടുത്തു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുകർമ്മങ്ങൾക്ക് തീർത്ഥാടകർ ഭക്തിയോടെ സാക്ഷ്യം വഹിച്ചു.
ഫാമിലി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.മാത്യു മുതുപ്ലാക്കൽ, മാതൃവേദി ജോ.ഡയറക്ടർ സി. കുസുമം എസ്.എച്ച്, മാതൃ-പിതൃവേദി രൂപത ഭാരവാഹികളായ ശ്രീ. ജോസ് തോമസ് മുത്തനാട്ട്, ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിൻസ് തൊടുകയിൽ, ജോസുകുട്ടി അറയ്ക്കപ്പറമ്പിൽ, ഷേർളി ചെറിയാൻ മഠത്തിൽപ്പറമ്പിൽ, മേഴ്സി മാണി, സബീന സഖറിയാസ്, ലൗലി കടനാട്, ഡയാന രാജു, സിജി ലുക്ക്സൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചഭക്ഷണത്തോടെ തീർത്ഥാടന ചടങ്ങുകൾ അവസാനിച്ചു.












