പാലാ: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പാലാ രൂപതയിൽ നടത്തിയ ലഹരിവിരുദ്ധ മാസാചരണത്തിന്റെ സമാപനച്ചടങ്ങ് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച പാരിഷ് ഹാളിൽ നടന്നു. മാർ ആഗസ്തീനോസ് കോളേജിലെയും സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെയും അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും പൊതുജനങ്ങളും
പരിപാടിയിൽ പങ്കെടുത്തു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ രൂപതാ പ്രസിഡന്റ് ശ്രീ പ്രസാദ് കുരുവിള അധ്യക്ഷനായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിദ്യാർത്ഥികളിൽ നിന്ന് ലഹരിവിരുദ്ധ ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. “മയക്കുമരുന്ന് വ്യാപാരികൾ ക്രിമിനലുകൾ മാത്രമല്ല, അവർ കൊലപാതകികളാണ്” എന്ന ഫ്രാൻസിസ് പാപ്പയുടെ
വാക്കുകൾ അനുസ്മരിപ്പിച്ച ബിഷപ്പ്, സമൂഹം ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകണമെന്ന് ആഹ്വാനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. മുഖ്യ പ്രഭാഷണം കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നടത്തുകയും ചെയ്തു.













