ക്രിസ്തുരാജന്റെ തിരുനാളാഘോഷത്തിലും വിശ്വാസറാലിയിലും
പങ്കെടുക്കാനെത്തിയത് ജനസാഗരം. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസ പ്രഖ്യാപന റാലി നടത്തിയത്. കൊടി, തോരണങ്ങള്‍, മുത്തുകുടകള്‍,
മരചില്ലകള്‍, ബലുണുകള്‍ തുടങ്ങിയവയെല്ലാമായി റാലി വിശ്വാസികള്‍
ആഘോഷമാക്കി മാറ്റി.
വിശുദ്ധരുടെയും മാലാഖമാരുടെയും ഉള്‍പെടെയുള്ള വേഷവിധാനങ്ങളണിഞ്ഞു കുരുന്നുകള്‍ ഉള്‍പെടെയുള്ളവര്‍ റാലിയില്‍ അണിനിരന്നു.
വിശ്വാസ പ്രഖ്യാപന മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ റാലിയില്‍
പങ്കെടുത്തത്. താഴത്തുപള്ളി ഇടവകയിലെ ഒന്ന് മുതല്‍ 27 വരെയുള്ള കുടുംബ
കൂട്ടായ്മകള്‍ അവരവരുടെ ബാനറിന് പിന്നിലായി റാലിയില്‍ പങ്കെടുത്തു. പള്ളിയങ്കണത്തില്‍ നിന്നും ആരംഭിച്ച വിശ്വാസ പ്രഖ്യാപനറാലി ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ക്രിസ്തുരാജത്വ സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്തു.
പഴയപള്ളി ചുറ്റി മെയിന്‍ റോഡില്‍ പ്രവേശിച്ചു സപ്ലൈക്കോ ലാഭം മാര്‍ക്കറ്റിന് മുന്നിലൂടെ നീങ്ങിയ റാലി പള്ളിയില്‍ തിരിച്ചെത്തി. റാലിക്ക് മുമ്പില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു അനൗണ്‍സ്മെന്റ് വാഹനവും ഉണ്ടായിരുന്നു. വിശുദ്ധ കുര്‍ബാനയോടെ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു. ഒരുകാലത്ത് കടുത്തുരുത്തിയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിരുന്നു ക്രിസ്തുരാജന്റെ തിരുനാളാഘോഷം. വിശ്വാസറാലിക്കും തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കും ഫൊറോനാ വികാരി
ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, കൈക്കാരന്മാര്‍, പള്ളി കമ്മിറ്റിയംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














