പാലായിൽ നിന്നും കൂടുതൽ ബസുകൾ മറ്റുഡിപ്പോകളിലേയ്ക്ക് മാറ്റി.
നിരവധി സർവ്വീസുകൾ ഇല്ലാതായി
പാലാ: പാലാക്കാരുടെ തടസ്സരഹിതയാത്രാ സൗകര്യം ഇല്ലാതാകുന്നു.വിവിധ കേന്ദ്രങ്ങളിലേക്ക് ഏതു സമയത്തും യാത്ര ചെയ്യാനാവുമായിരുന്ന കാലഘട്ടമാണ് അവസാനിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം രണ്ട് എ.സി ബസുകൾ കോഴിക്കോടിനും ഒരെണ്ണം കൊട്ടാരക്കരയിലേയ്ക്കും മാററി.
വെളുപ്പിന് 5 മണിക്ക് പാലാ- തിരുവനന്തപുരമായി സർവ്വീസ് നടത്തി കൊണ്ടിരുന്ന ബസുകളാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയത്.പാലാ ഡിപ്പോയിൽ നിന്നും കോട്ടയം -തൊടുപുഴ ചെയിൻ സർവ്വീസിൽ ഉണ്ടായിരുന്ന ബസാണ് കൊട്ടാരക്കരയിലേയ്ക്കും മാറ്റിയത്.അടുത്ത കാലം വരെ 66 ഷെഡ്യൂൾ കൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഇതോടെ 60 ഷെഡ്യൂൾ കൾ മാത്രമായി ചുരുങ്ങി.
കഴിഞ്ഞ മാസം ഏതാനും സർവ്വീസുകൾ നിർത്തലാക്കിയിരുന്നു. രാവിലെ 7 മണിക്ക് ഉഴവൂർ വഴി ഉണ്ടായിരുന്ന തൃശൂർ സർവ്വീസും ഇളം കാട് – മുണ്ടക്കയം – എറണാകുളം സർവ്വീസുമാണ് നിർത്തലാക്കിയത്. ഉഴവൂർ റൂട്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ഒഴിവാകുകയാണ്. കോട്ടയം
-തൊടുപുഴ ചെയിനിൽ ഉണ്ടായിരുന്ന 16 ബസുകൾ 12 എണ്ണം മാത്രമായി ചുരുക്കിയതിനെ തുടർന്നും ഓർഡിനറി സർവ്വീസുകൾ പാടേ നിർത്തലാക്കിയതിനെ തുSർന്നും കോട്ടയം റൂട്ടിൽ യാത്രാക്ലേശമാണ് ഉണ്ടായിരിക്കുന്നത്. 100-ൽ പരം ബസുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയതിൽ 40-ൽ പരം സർവ്വീസുകളാണ് നിലച്ചത്.നിരവധി ദ്വീർഘദൂര സർവ്വീസുകളും നിർത്തൽ ചെയ്യപ്പെട്ടതിൽ ഉൾപ്പെടുന്നു.കോട്ടയത്തുനിന്നുമുള്ള ട്രയിൻ യാത്രയെ ആശ്രയിക്കുന്നവർ പ്രയോജനപ്പെടുത്തിയിരുന്ന വെളുപ്പിനുണ്ടായിരുന്ന 4.50, 5.10 ഓർഡിനറി സർവ്വീസുകൾ നിർത്തലാക്കിയത് അതിരാവിലെ കോട്ടയത്തിന് യാത്ര ചെയ്തിരുന്നവരെ ബാധിച്ചു.
സർവ്വീസുകളുടെ എണ്ണത്തിലും വരുമാനത്തിലും പതിറ്റാണ്ടുകൾ മികച്ചു നിന്ന പാലാ ഡിപ്പോയ്ക്കാണ് ഈ ഗതി വന്നിരിക്കുന്നത്.
സാധാരണക്കാരുടെ യാത്രാ സംവിധാനമായ ബസ് സർവീസുകൾ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുന്നതു വഴി യാത്രാക്ലേശം രൂക്ഷമാവുന്നതായും ഡിപ്പോയിൽ നിന്നും സർവീസുകൾ ഒന്നൊന്നായി നിർത്തലാക്കുന്നതിന് ഡിപ്പോ അധികൃതർ കൂട്ടുനിൽക്കുന്നതായും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺമാന്തോട്ടം ആരോപിച്ചു. അനുവദിച്ച കോയമ്പത്തൂർ ഇൻറർസ്റ്റേറ്റ് സർവ്വീസ് ആരംഭിക്കുന്നതിനും അധികൃതർ തയ്യാറാവുന്നില്ല. ചോദിക്കാനും പറയുവാനും ആരും ഇല്ലാത്ത സ്ഥിതിയിലാണ് പാലാ ഡിപ്പോ .