പാലാ: റബ്ബർ കർഷകരുടെ നാട്ടിലേക്ക് ട്രിപ്പിൾ ഐറ്റിയുടെ ബിരുദദാന ചടങ്ങിനായി കടന്നു വരുന്ന കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന റബ്ബറിൻ്റെ വിലതകർച്ചയും കർഷക പ്രതിസന്ധികളും തിരിച്ചറിയണമെന്നും റബ്ബർ കർഷകരുമായി സംവദിക്കാൻ തയ്യാറാവണമെന്നും പാലായിൽ നടന്ന കർഷക സംഘടനകളുടെ സംയുക്ത നേതൃയോഗം ആവശ്യപ്പെട്ടു.
റബ്ബറിനെ കാർഷിക ഉൽപ്പന്നമായി പരിഗണിക്കാനും പരുത്തി കർഷകർക്കും മറ്റും നൽകുന്ന ഉത്തേജക പാക്കേജുകൾക്കു സമാനമായ പരിഗണന റബ്ബർ കർഷകർക്കു നൽകണമെന്നും റബ്ബറിൻ്റെ കൃഷിപ്പണിയും പരിപാലനവും റബ്ബർ ടാപ്പിങ്ങ് ,റബ്ബർ പാൽ സംഭരണം, സംസ്കരണം തുടങ്ങി വിപണി വില വരെയുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തിൽ അവസരമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാലാ ഷാലോമിൽ നടന്ന സമ്മേളനത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എഫ്.പി.ഒ.ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷതവഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ജയ്സൺ ജോസഫ്, ജോയി മടിയ്ക്കാങ്കൽ, ജിസ്മോൻ തുടിയൻപ്ലാക്കൽ,സെബാസ്റ്റ്യൻ ആരുച്ചേരിൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ, ജോസ് തോമസ്, ഉല്ലാസ് സി. എസ് തുടങ്ങിയവർ പ്രസംഗിച്ചു.
