പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തിയോടെ കുട്ടികൾ നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന്റെ’ വിതരണോദ്ഘാടനം തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ആഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്രയേറെ വിദ്യാർത്ഥികൾക്ക് ഇത്ര ഉയർന്ന തുക നൽകുന്ന മറ്റൊരു സ്‌കോളർഷിപ്പ് പദ്ധതി മറ്റെവിടെയും ഉണ്ടാകില്ല. സാമ്പത്തികമായും സാമൂഹികമായും ഒട്ടേറെ പരിമിതികൾ അനുഭവിച്ചിട്ടും മികവ് തെളിയിച്ച കുട്ടികളാണ് ഈ പുരസ്‌കാരത്തിന് അർഹരായതെന്നത് പദ്ധതിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന നവകേരള സൃഷ്ടിയുടെ ലക്ഷ്യം മുൻനിർത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു മുൻഗണനാ മേഖലയായാണ് സംസ്ഥാന സർക്കാർ കാണുന്നത്. ഇതിന്റെ ഭാഗമായി കിഫ്ബിയിലൂടെയും റൂസയിലൂടെയും പ്ലാൻ ഫണ്ട് വിഹിതം ഉപയോഗിച്ചും മികച്ച അക്കാദമിക് കോംപ്ലക്‌സുകളും സ്റ്റേറ്റ് ഓഫ് ദി ആർട്ട് സൗകര്യങ്ങളുള്ള ലാബ് കോംപ്ലക്‌സുകളും ആധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറികളും സ്ഥാപിക്കാൻ കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ലാബ് കോംപ്ലക്‌സുകൾ കേരള, എംജി, കുസാറ്റ് സർവകലാശാലകൾക്കുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ പാകത്തിൽ കരിക്കുലം ഫ്രെയിംവർക്കിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഇതിലൂടെ തൊഴിൽ പരിശീലനവും സംരംഭകത്വവും ഉറപ്പാക്കുന്നതിനൊപ്പം വിദ്യാർത്ഥികളെ ഗവേഷണോന്മുഖമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന്റെ തുടർച്ചയായാണ് നാല്-വർഷ യുജി പ്രോഗ്രാം വിജയകരമായി ആരംഭിച്ചത്. വിദ്യാർത്ഥി കേന്ദ്രീകൃതമായ പുതിയ പ്രോഗ്രാമിലൂടെ ക്യാമ്പസുകളിൽ സർഗ്ഗാത്മകതയും ആശയപ്രകാശനവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമാണ് ഒരുക്കുന്നത്. വിശപ്പുരഹിത ക്യാമ്പസ്, ഏൺ വൈൽ യു ലേൺ പദ്ധതി, ഇൻഡസ്ട്രി അക്കാദമിയ ഇന്റർഫേസ് ശക്തിപ്പെടുത്തൽ ഉൾപ്പെടെ ഒട്ടനവധി കാര്യങ്ങൾ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
സ്‌കിൽ ഗ്യാപ്പ് നികത്താൻ എല്ലാ കോളേജുകളിലും സെന്റേഴ്സ് ഓഫ് സ്‌കിൽ ഡെവലപ്പ്‌മെന്റ് ആൻഡ് കരിയർ പ്ലാനിങ് സെല്ലുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇന്നവേഷൻ, ഇൻകുബേഷൻ, സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തി. യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലൂടെ അഞ്ചു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. എൽബിഎസ് വനിതാ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച വിസാറ്റ് (WESAT) സാറ്റലൈറ്റിന് 31 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാർ നൽകി. മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലൂടെ യുവ ഗവേഷകർ കേരളത്തിന്റെ കൃഷി, വ്യവസായം, ആരോഗ്യം, മാലിന്യ സംസ്‌കരണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളുടെ പരിഹാരങ്ങൾ നിർദേശിക്കുന്നതിനു ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ഡിഗ്രി തലം വരെ വിദ്യാഭ്യാസം സംസ്ഥാന സർക്കാർ സൗജന്യമാക്കി. അടുത്ത വർഷം മുതൽ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും.
ഇത്തവണ 47 പേർ കേരളത്തിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണ്. മികച്ച മാധ്യമപ്രവർത്തകരും വക്കീലന്മാരും അധ്യാപകരും ഉൾപ്പെടെ എല്ലാ മേഖലകളിലും മികവ് തെളിയിക്കുന്നവർ ഒരുപാടുപേർ നമ്മുടെ ക്യാമ്പസുകളിൽ നിന്ന് ഉണ്ടാകണം. സിവിൽ സർവീസസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജ എന്ന പെൺകുട്ടി നമ്മുടെ വിദ്യാർത്ഥികൾക്ക് വലിയ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ശ്രീജ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് സിവിൽ സർവീസസ് പരീക്ഷയിൽ രാജ്യത്ത് 57ാം റാങ്ക് നേടി. ഇന്ന് മുഖ്യമന്ത്രിയിൽ നിന്ന് പുരസ്‌കാരവും ഏറ്റുവാങ്ങി. അന്തർദേശീയ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക ഗുണമേന്മയും വിദ്യാർത്ഥികൾക്കായി ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം ഏറ്റെടുത്താണ് കഴിഞ്ഞ അഞ്ചു വർഷക്കാലവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഗവ. വനിതാ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ബി. ശ്രീകുമാർ സ്വാഗതം ആശംസിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സുനിൽ ജോൺ ജെ., കാര്യവട്ടം ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ. ഉമാ ജ്യോതി വി., കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. എസ്. ജോയ്, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്നും പഠിച്ചിറങ്ങിയ 2000 വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം നൽകിയത്. 2022-23, 2023-24 അധ്യയന വർഷങ്ങളിൽ വിവിധ വിഷയങ്ങളിൽ ബിരുദ പഠനത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ പ്രതിഭകളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും സാമൂഹ്യമായി അരികുവൽക്കരിക്കപ്പെട്ടവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകിയത്. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള കുട്ടികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ആയിരം വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌ക്കാരം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ നേടിയെടുക്കുന്നതിനൊപ്പം സാമൂഹ്യനീതി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു വിദ്യാർത്ഥിയുടെയും പഠനത്തിന് തടസ്സമാകാൻ പാടില്ല എന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച തീരുമാനമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.













