മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരവും രക്തവുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ഞായറാഴ്ച വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനമായി ലത്തീൻ സഭ ആചരിക്കുന്ന വേളയില്‍ തന്റെ കത്തീഡ്രൽ ദേവാലയമായ
വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മനുഷ്യനോടുള്ള യേശുവിന്റെ അനുകമ്പയെ എടുത്തുകാട്ടിക്കൊണ്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയായി നമ്മെ സന്ദർശിക്കുന്ന യേശുവിന്റെ കരുണാർദ്രമായ സ്നേഹത്തെ
അനുസ്മരിച്ചുമായിരിന്നു പാപ്പയുടെ സന്ദേശം. ദൈവം നമ്മുടെ ജീവിതങ്ങളെ ഭരിക്കുമ്പോൾ മാത്രമാണ്, എല്ലാ തിന്മകളിൽ നിന്നും നാം സ്വതന്ത്രരാകുന്നതെന്നും, എന്നാൽ ഇതിനർത്ഥം പരീക്ഷണരഹിതമായ ഒരു ജീവിതം സാധ്യമാകും എന്നല്ല എന്നും പാപ്പ കൂട്ടിച്ചേർത്തു. വിശുദ്ധ
ലൂക്കയുടെ സുവിശേഷം, ഒൻപതാം അധ്യായത്തിലെ അപ്പം വര്‍ദ്ധിപ്പിക്കുന്ന ഭാഗത്തെ കേന്ദ്രമാക്കിയായിരിന്നു പാപ്പയുടെ സന്ദേശം. വിശപ്പുമൂലം വേദനയനുഭവിക്കുന്ന ജനതയെ എപ്രകാരം അനുകമ്പാർദ്രമായ ഹൃദയത്തോടെ യേശു നോക്കുന്നുവെന്നും, അവരുടെ പരിപാലനത്തിനായി ശിഷ്യന്മാരെ ക്ഷണിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.












