ദുബായിലെ എയർ ഷോയ്ക്കിടെ തേജസ് വിമാനം തകർന്നുവീണതിൽ അന്വേഷണം തുടങ്ങി വ്യോമസേന. വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും.
ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. അപകടത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്നതിൽ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.














