പാലുൽപ്പാദന വർദ്ധനവിന് തീറ്റപ്പുല്ലിനുള്ള പ്രാധാന്യം കർഷകരിലേയ്ക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല തീറ്റപ്പുൽ ദിനാചരണത്തിൻ്റെയും ക്ഷീരവാരാചരണത്തിൻ്റെയും ഉദ്ഘാടനം ജൂൺ 7ന്. താണിക്കുടം തീറ്റപ്പുൽത്തോട്ടം പരിസരത്ത് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ക്ഷീരവാരത്തിൻ്റെ ഭാഗമായിട്ടാണ് തീറ്റപ്പുൽദിനം ആചരിക്കുന്നത്. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി തീറ്റപ്പുൽകൃഷിയിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. കൂടാതെ മികച്ച തീറ്റപ്പുൽത്തോട്ടമുള്ള ക്ഷീരകർഷകരെയും സംഘങ്ങളെയും ചടങ്ങിൽ ആദരിക്കും.
റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയാകും.
ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, ക്ഷീരകർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. വിവിധ ഏജൻസികള ഏകോപിപ്പിച്ചുകൊണ്ട് സമഗ്ര പുൽകൃഷി വ്യാപന പദ്ധതിയും ക്ഷീര വികസന വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്.