ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ ഇരട്ട തീരുവയില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ പ്രഖ്യാപനം ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്ന് ട്രംപ് തുറന്നുപറഞ്ഞു. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാല്‍ തീരുവ ഒഴിവാക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു.
ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. ഇന്ത്യയുമായുള്ള ബന്ധം താറുമാറാക്കുന്ന ഒരു നടപടി സ്വീകരിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ട്രംപ് പറയുന്നു.
എന്നിരിക്കിലും റഷ്യയുമായുള്ള വ്യാപാരബന്ധം തടയുക എന്നത് വളരെ പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം എന്നത് തങ്ങളേക്കാള്‍ യൂറോപ്പിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. യൂറോപ്പ് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഇന്ത്യക്കും റഷ്യയ്ക്കും എതിരായ നടപടികള്‍ കര്‍ശനമായി താന്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.