രാമപുരം: കേരള നോളഡ്ജ് ഇക്കണോമി മിഷന്റെ (KKEM) കണക്റ്റ് കെയറിയര്‍ ടു ക്യാമ്പസ് (CCC) പദ്ധതിയുടെ ഭാഗമായി ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാമിന് മാര്‍ അഗസ്റ്റിനോസ് കോളേജ്, രാമപുരത്തില്‍ തുടക്കമായി. പദ്ധതിയിലൂടെ ഗ്ലോബല്‍ തൊഴില്‍ വിപണിയിലെ മാറ്റങ്ങളെയും, പുതിയതരത്തിലുള്ള ജോലികള്‍ ലക്ഷ്യമാക്കിയുള്ള മെച്ചപ്പെട്ട സാധ്യതകളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുകയാണ് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളോടും താൽപര്യങ്ങളോടും ഒത്ത ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന രീതിയിൽ പദ്ധതികൾ രൂപീകരിക്കപ്പെടുന്നു.
ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാം കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. നെല്‍സണ്‍ മണ്ഡേലയെപ്പോലുള്ള വ്യക്തികള്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സമരം ചെയ്ത് നീണ്ട 27 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നപ്പോഴും ചിന്തിച്ചത് പുറത്തിറങ്ങിക്കഴിയുമ്പോള്‍ രാജ്യത്തിനു വേണ്ടി എന്തു ചെയ്യാനാകും എന്നാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ ലഭിക്കേണ്ടതിന്റെ ആവശ്യം എന്തെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാന്‍ മാര്‍ ആഗസ്തീനോസ് കോളേജിന്റെ ഭാഗത്തുനിന്നും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും അദ്ധ്യക്ഷപ്രസംഗം നടത്തിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍ അഭിപ്രായപ്പെട്ടു.
കണക്ട് കരിയര്‍ ടു ക്യാമ്പസ് ടാലന്റ് ക്യൂറേഷന്‍ എക്‌സിക്യൂട്ടീവ് ജിനു ജോര്‍ജ്ജ് കേരള ക്‌നോളഡ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളോട് വിവരിച്ചു. ഈ പദ്ധതിയുടെ ഭാഗമായി കെ-ഡിസ്‌ക് (K-DISC) വികസിപ്പിച്ചെടുത്ത ‘ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം’ (DWMS) ആപ്ലിക്കേഷനില്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും കേരള ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുകയും ചെയ്തു.
റവ. ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പില്‍, പ്രകാശ് ജോസഫ്, ഷാന്‍ അഗസ്റ്റിന്‍, അരുണ്‍ കെ. അബ്രാഹം തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലവസരങ്ങളെയും കരിയര്‍ ദിശകളെയും കുറിച്ചുള്ള സംവാദങ്ങളും സെഷനുകളും പരിപാടിയിലുണ്ടായി. തൊഴില്‍ കേന്ദ്രികൃതമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും, വിദ്യാർത്ഥികളിൽ ആവശ്യമായ തൊഴിൽചാതുരികൾ വളർത്തുന്നതിനും വേണ്ടി ഇത്തരം സംരംഭങ്ങൾ പ്രധാനപെടുന്നുവെന്ന് ഭരണസമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു.