പാലാ:കേരളസമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു പ്രതിരോധ-ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർസഭ രംഗത്ത്.കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറ മലബാർ സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ-ദ്രുതകർമ പദ്ധതികൾക്കു സീറോമലബാർസഭയിൽ പാലാ രൂപതയിലാണ് തുടക്കം കുറിക്കുന്നത്.കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷനും പാലാ രൂപത ജാഗ്രതാസമിതിയും സംയുക്തമായിട്ടാണ് ലഹരിക്കെതിരേ പാലായിൽ ബോധവൽക്കരണ സെമിനാറും കർമപദ്ധതികളും ആവിഷ്കരിക്കുന്നത്.30നു ഉച്ചക്കു 2.30നു പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കർമപദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നു പാലാ രൂപത പ്രൊട്ടോ സിഞ്ചലൂസ് മോൺ. ജോസഫ് തടത്തിൽ അറിയിച്ചു.സിനഡൽ കമ്മിഷൻ ഫോർ ഫാമിലി ലെയിറ്റി ആൻഡ് ലൈഫ് ചെയർമാനും പാലാ രൂപത അധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ പി.കെ. ജയരാജ് ക്ലാസ് നയിക്കും. പാലാ രൂപത പ്രൊട്ടോ സിഞ്ചലൂസ് മോൺ. ജോസഫ് തടത്തിൽ, സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജോബി മൂലയിൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. വിൻസന്റ് മൂങ്ങാമാക്കൽ, ഫാ. ജോസ് കുറ്റിയാങ്കൽ, ഫാ. സെബാസ്റ്റ്യൻ പഴേപ്പറന്പിൽ, ഫാ. ജോർജ് നെല്ലിക്കുന്നു ചെരിവു പുരയിടം, ഫാ. മാണി കൊഴുപ്പൻകുറ്റി, ടോണി ചിറ്റിലപ്പിള്ളി, സാബു ജോസ്, റോസിലി പോൾ തട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.സമ്മേളനത്തിൽ 1600 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അതിൽ 400 പേർ അധ്യാപകരും പ്രഥമ അധ്യാപകരുമാണ്. ഓരോ ഇടവകയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചോ അതിലധികമോ ആളുകൾ പങ്കാളികളാകും. രൂപത തലത്തിൽ മാത്രമല്ല ദ്രൂതകർമസേന രൂപീകരിക്കുന്നത്. ഫൊറോന തലത്തിലും ഇടവകതലത്തിലും കർമസേന രൂപീകരിക്കും. പത്തു വീടുകൾക്ക് ഒരാൾ വച്ചുള്ള നിരീക്ഷണമുണ്ടാകും.ബോധവത്കരണം മാത്രമല്ല, അധ്യാപകരുടെയും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ശ്രദ്ധയും കരുതലും യുവതലമുറയുടെ മേൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ രൂപതയിൽ ആരംഭം കുറി്കുന്ന കർമപദ്ധതി സീറോമലബാർസഭ ഒന്നാകെ നടപ്പിലാക്കുകയാണ് സീറോ മലബാർസഭ സിനഡൽ കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നതെന്നു മോൺ.ജോസഫ് തടത്തിൽ അറിയിച്ചു.മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടു പോയവരെ ചികിത്സിക്കാനോ പുനരധിവസിപ്പിക്കാനോ മതിയായ സംവിധാനങ്ങളില്ലാതെ കേരളം പകച്ചു നിൽക്കുകയാണെന്നു ഫാ. ജേക്കബ് വെള്ളമരുതുങ്കൽ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ശക്തമായ നിലപാട് അത്യന്തം ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഫാ. സെബാസ്റ്റ്യൻ പഴേപ്പറന്പിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവരും പങ്കെടുത്തു.
ലഹരിക്കെതിരേ സീറോമലബാർ സിനഡൽ കമ്മീഷൻ കർമ്മപദ്ധതി
Date: