അജിത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് എൻസിപിയിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ തുടങ്ങി. എൻസിപിയുടെ മുതിർന്ന നേതാക്കൾ അജിത് പവാറിൻ്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി.
സുനേത്ര പവാർ പിൻഗാമിയായി എത്തണമെന്ന ആവശ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. ഇതിനിടെ വിമാനാപകടത്തിൽ അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് നടത്തിയ പ്രതികരണം അടക്കം വിവരങ്ങൾ ബ്ലാക്ക് ബോക്സ് പരിശോധനയിൽ ലഭിച്ചു. ബിജെപി സഖ്യത്തോടൊപ്പം പാർട്ടിയെ നിലനിർത്താൻ കഴിയുന്ന നേതാവ് അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെന്നാണ് എൻസിപിയിലെ പൊതുവികാരം.
അജിത് പവാറിൻ്റ ഭാര്യ എന്ന നിലയിൽ സുനേത്ര അധികാര സ്ഥാനത്തേക്ക് എത്തണമെന്നാണ് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. മറാഠാ നേതാവിനെ മാത്രമേ പാർട്ടി എംഎൽഎമാർ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂവെന്നാണ് വിലയിരുത്തൽ.












