പാലാ: അദ്ധ്വാനിച്ച് ജീവിക്കാൻ ഇഷ്ടമില്ലാത്തവരാണ് മയക്കുമരുന്ന് ഉൽപ്പാദന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും, ഈ വിപത്ത് മറ്റ് രാജ്യങ്ങളിലെപ്പോലെ നമ്മുടെ നാട്ടിലും പടർന്നുപിടിച്ചിട്ടുണ്ടെന്നും പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ലഹരി വിപത്തിനെതിരെ പാലാ രൂപതയിലെ 300 കോൺവെൻ്റുകളിൽ നിന്നുള്ള സിസ്റ്റേഴ്സിനായി പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ഏകദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി വരുമാനം രാജ്യത്തിന് നഷ്ടം
നല്ല ബിസിനസ്സ് നടത്തിയാൽ കുറഞ്ഞ പണസമ്പാദനമേ ഉണ്ടാകൂ എന്ന ചിന്തയാണ് ലഹരി മാഫിയയെ ഉൽപ്പാദനത്തിനും വിപണനത്തിനും പ്രേരിപ്പിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും പരസ്യങ്ങളുടെ ആവശ്യമില്ലാത്തതിനാൽ ഇത് ലാഭകരമായ ബിസിനസ്സായി മാറുന്നു. ലഹരി മനുഷ്യനിലേക്ക് ചെല്ലുമ്പോൾ മനസ്സാക്ഷി ഇല്ലാതാവുകയും സാമൂഹ്യവിപത്തുകൾ വാരിവിതയ്ക്കപ്പെടുകയും ചെയ്യുന്നു.
ലഹരി വിപത്തിനെ തടയിടേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, ഈ വിപത്തിനെ മാറ്റണമെന്ന നിശ്ചയദാർഢ്യത്തോടുകൂടി നാം ഇടപെടണമെന്നും ബിഷപ് ആഹ്വാനം ചെയ്തു. മദ്യവിൽപനയിലൂടെ സർക്കാരിന് വരുമാനം ലഭിക്കുമ്പോൾ, അതിൻ്റെ ഭവിഷ്യത്തുകൾ നേരിടാൻ പതിൻമടങ്ങ് തുക മുടക്കേണ്ടി വരുന്നതിനാൽ മദ്യവരുമാനം രാജ്യത്തിന് വരുമാന നഷ്ടമുണ്ടാക്കുന്ന വരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിസ്റ്റേഴ്സിന്റെ പങ്കാളിത്തം നിർണ്ണായകം
ലഹരി വിരുദ്ധ പ്രവർത്തനം പ്രാദേശിക ഇടവകാതിർത്തിക്കുള്ളിൽ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് രൂപതയിലെ 300 കോൺവെൻ്റുകളിൽ നിന്നുള്ള സിസ്റ്റേഴ്സിൻ്റെ സഹകരണം ഏർപ്പെടുത്തിയത്. മദ്യവും മാരക ലഹരിവസ്തുക്കളും പൊതുസമൂഹത്തിൽ അനിയന്ത്രിതമാംവിധം വ്യാപിക്കുന്നതിൻ്റെയും തത്ഫലമായി അക്രമണങ്ങളും കൊലപാതകങ്ങളും വർദ്ധിക്കുന്നതിൻ്റെയും പശ്ചാത്തലത്തിലാണ് ഈ നടപടി.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ജനപ്രതിനിധികൾ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ, പി.ടി.എ. പ്രസിഡൻ്റുമാർ, ഇടവക പ്രതിനിധികൾ എന്നിവരുടെ വിശേഷാൽ സമ്മേളനങ്ങൾ സംഘടിപ്പിച്ചതിന് തുടർച്ചയായാണ് സിസ്റ്റേഴ്സിൻ്റെ സംഗമം സംഘടിപ്പിച്ചത്. രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
വിവിധ വിഷയങ്ങളിൽ ക്ലാസുകൾ
- രൂപതാ പ്രസിഡൻ്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു.
- ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
- രൂപതാ വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് സമാപന സന്ദേശം നൽകി.
ആന്റണി മാത്യു, സാബു എബ്രാഹം, ജോസ് കവിയിൽ, അലക്സ് കെ. എമ്മാനുവൽ, ടിൻ്റു അലക്സ് എന്നിവർ പ്രസംഗിച്ചു.












