ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നവംബർ ആദ്യവാരം ഉണ്ടാകും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ വരാനിടയുള്ള സാഹചര്യത്തിലാണ് അവാർഡ് നിർണയ നടപടിക്രമങ്ങൾ ദ്രുതഗതിയിലാക്കുന്നത്.
മത്സരത്തിനെത്തിയ 128 സിനിമകളുടെ ആദ്യഘട്ട സ്ക്രീനിങ് ഈ മാസം ഇരുപതിനകം പൂർത്തിയാക്കും. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ ഉൾപ്പെടുന്ന രണ്ട് സബ് ജൂറികളായാണ് നിലവിൽ സ്ക്രീനിങ് പുരോഗമിക്കുന്നത്.
ഈ ഘട്ടം പൂർത്തിയാക്കിയ ശേഷം 38 സിനിമകളുടെ ഒരു ചുരുക്കപ്പട്ടിക ഉടൻ തയ്യാറാക്കും. തുടർന്ന്, ജൂറി ചെയർമാൻ പ്രകാശ് രാജ് ഉൾപ്പെടുന്ന അന്തിമ ജൂറി ഈ 38 ചിത്രങ്ങളിൽ നിന്നായി മികച്ച സിനിമ, സംവിധായകൻ/സംവിധായിക, മറ്റ് കലാകാരന്മാർ എന്നിവരെ തിരഞ്ഞെടുക്കും.
നവംബർ രണ്ടാം വാരത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അവാർഡ് പ്രഖ്യാപനം വേഗത്തിലാക്കുന്നത്.












