മീനച്ചിൽ നദീ – മഴ നിരീക്ഷണ ശൃംഖലയിലെ ഇരുന്നുറിലേറെ മഴമാപിനി നിരീക്ഷകരുടെ നിരയിലേയ്ക്ക് മൂന്നിലവ് സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളും
മൂന്നിലവ്: മീനച്ചിൽ നദീസംരക്ഷണ സമിതി നേതൃത്വം നൽകുന്ന മീനച്ചിൽ നദീ – മഴ നിരീക്ഷണ ശൃംഖലയുടെ ഭാഗമായി മൂന്നിലവ് പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലും മഴമാപിനികൾ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുന്ന സന്നദ്ധ പ്രവർത്തകരായി മൂന്നിലവ് സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ്. യൂണിറ്റ് നേതൃത്വം നൽകുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ ചുമതലയേറ്റു.
മൂന്നിലവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്സി സണ്ണി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബിനോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മലയോര പ്രദേശങ്ങളിലും മറ്റും പെയ്യുന്ന അസ്വാഭാവിക മഴ ആറ്റിൽ അപകടകരമായി ജലനിരപ്പുയർത്തുന്ന സാഹചര്യങ്ങൾ പതിവായ പ്രദേശത്ത് വിദ്യാർത്ഥികൾ സമയാസമയങ്ങളിൽ കൈമാറുന്ന മഴവിവരങ്ങൾ ഇനി ഉപകാരപ്രദമാവും. മീനച്ചിൽ നദീസംരക്ഷണ സമിതിയാണ് മഴമാപിനികൾ സ്കൂളിന് സംഭാവന ചെയ്തത്.
ദിവസേനയുള്ള മഴവിവരങ്ങൾ വിദ്യാർത്ഥികൾ പദ്ധതിയുടെ നടത്തിപ്പിനായുള്ള കേന്ദ്രീകൃത സംവിധാനങ്ങളിലേയ്ക്ക് കൈമാറും. ഇവയെല്ലാം ഏകോപിപ്പിച്ചാണ് വിവരങ്ങൾ സമിതി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്കും പത്രമാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കൈമാറുന്നത്. ഫാ.എബി തകിടിയേൽ, ആമോദ് മാത്യു, എബി ഇമ്മാനുവൽ, രജിത് രാജു എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision