റോം: വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത് നൂറുകണക്കിന് വിശ്വാസികൾ. മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന കർദ്ദിനാൾ മാരിയോ ഗ്രെച്ച് അനുഗ്രഹീതമായ പ്രദക്ഷിണത്തിന് നേതൃത്വം നൽകി. സമാധാനത്തിനു വേണ്ടിയുള്ള പ്രത്യേക നിയോഗം ഉള്‍പ്പെടെ വിവിധ നിയോഗങ്ങള്‍ ഓരോ ജപമാല രഹസ്യത്തോടൊപ്പവും സമർപ്പിക്കപ്പെട്ടു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഉള്ളിലുളള മാറ്റർ എക്ലേസിയ എന്ന് വിളിക്കപ്പെടുന്ന (സഭയുടെ മാതാവ്) മരിയൻ ചിത്രത്തിന്റെ ഒരു പതിപ്പു വഹിച്ചുക്കൊണ്ടാണ് വിശ്വാസികള്‍ പ്രദക്ഷിണത്തിൽ പങ്കുചേര്‍ന്നതെന്നതും ശ്രദ്ധേയമാണ്. മെയ് മാസം മരിയൻ മാസമായാണ് ആഗോള സഭ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വത്തിക്കാനിൽ ജപമാല പ്രദക്ഷിണം സംഘടിപ്പിക്കപ്പെട്ടത്. ഈ മാസം എല്ലാ ശനിയാഴ്ചകളിലും രാത്രി 9 മണിക്ക് സമാനമായി ജപമാല പ്രദക്ഷിണം സംഘടിപ്പിക്കപ്പെടും. ഈ ദിവസങ്ങളിൽ റോമില്‍ ഇടിമുഴക്കം, മഴ ഉൾപ്പെടെ പ്രതികൂലമായ കാലാവസ്ഥയാണെങ്കിലും അതിനെ വകവയ്ക്കാതെയാണ് വിശ്വാസി സമൂഹം ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കാനായി പത്രോസിന്റെ ചത്വരത്തില്‍ ഒരുമിച്ചു എത്തിചേര്‍ന്നത്. റോമിൽ ഇപ്പോൾ താമസിക്കുന്ന ഓസ്ട്രേലിയൻ സ്വദേശിയായ വൈദികൻ മൈക്കിൾ കോങ് കഴിഞ്ഞ ശനിയാഴ്ചത്തെ ജപമാല പ്രദക്ഷിണത്തിൽ പങ്കെടുത്ത് അനുഭവം പങ്കുവെച്ചിരിന്നു. ഇപ്പോഴും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന, മരിയ ഭക്തിയുള്ള നിരവധി ആളുകൾ ഉണ്ടെന്നുള്ള മനോഹരമായ ഓർമ്മപ്പെടുത്തലാണ് പൊതുസ്ഥലത്തെ ജപമാല പ്രാർത്ഥനയെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ തനിച്ചല്ല നടക്കുന്നതെന്നും, ഈ വഴിയിൽ അതേ നിയോഗങ്ങളുമായി ജപമാല പ്രാർത്ഥിച്ചുകൊണ്ട് നിരവധി വിശ്വാസികള്‍ ഉണ്ടെന്ന് ഇതിലൂടെ തനിക്ക് ഉറപ്പു ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് മാസം തീർത്ഥാടകർക്ക് വേണ്ടി സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ മരിയൻ ചിത്രങ്ങളുടെ സമീപം പ്രാർത്ഥിക്കാനുള്ള ഒരു സജ്ജീകരണവും വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം നാലുമണിക്കാണ് വിശ്വാസികൾക്ക് ഇതിനുവേണ്ടി അവസരം ലഭിക്കുക.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision