സ്പെയിനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം. ജനുവരി 25ന് രാത്രി, ജെറസിലെ സാൻ മിഗുവേൽ പള്ളിയുടെ പ്രവേശന കവാടങ്ങളിലൊന്നിന് തീയിടാനുള്ള ശ്രമമാണ് പ്രദേശവാസികളുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ജനുവരി 26ന് പുലർച്ചെ, ദേവാലയത്തിന്റെ മറ്റൊരു വാതിലിലും തീപിടുത്തമുണ്ടായി.
ഇത്തവണ അഗ്നിശമന സേനയുടെ ഇടപെടലിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.