പാലാ: കാരുണ്യത്തിൻറെ മുഖമായി സമൂഹം മാറണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്നു ദുരിതമനുഭവിക്കുന്ന കൊച്ചിടപ്പാടി പാറേക്കുന്നേൽ രേഷ്മ സുരേഷിന് വീടു വയ്ക്കാൻ ഇടപ്പാടിയിൽ കാപ്പൻ കുടുംബം സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ ആലഞ്ചേരി.
അർഹരെ സഹായിക്കാനുള്ള മാണി സി കാപ്പൻ എം എൽ എ യുടെയും സഹോദരൻ ചെറിയാൻ സി കാപ്പൻറെയും തീരുമാനത്തെ കർദ്ദിനാൾ അനുമോദിച്ചു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി സി കാപ്പൻ എം എൽ എ, ഡോ ജോസ് ചാക്കോ പെരിയപ്പുറം, മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, മുൻ എം പി വക്കച്ചൻ മറ്റത്തിൽ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, സിറിൾ സി കാപ്പൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, രേഷ്മയുടെ ഭർത്താവ് ധനേഷ്, മാതാപിതാക്കളായ സുരേഷ് പി കെ, രമണി സുരേഷ് എന്നിവർ പങ്കെടുത്തു.
മുൻ എം പി യും എം എൽ എ യും പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി ഇടപ്പാടിയിൽ വാങ്ങിയ 53 സെൻറ് സ്ഥലത്തിൽ നിന്നും മൂന്ന് സെന്റ് സ്ഥലമാണ് രേഷ്മയ്ക്കു വീടുവയ്ക്കാൻ സൗജന്യമായി നൽകുന്നത്. കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്നു ചികിത്സയിലാണ് രേഷ്മ. ഭർത്താവിന് ലഭിക്കുന്ന തുച്ഛമായ ശമ്പളമാണ് ഏക വരുമാനം. ചികിത്സാ ചിലവും കുടുംബ ചിലവും മൂത്ത കുട്ടിയുടെ പഠനവും ഒക്കെ ഈ ചെറിയ വരുമാനത്തിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വിവരം അറിഞ്ഞതിനെത്തുടർന്നാണ് രേഷ്മയ്ക്ക വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകാൻ തീരുമാനിച്ചത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്കു വീടുവച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരാണ് സൗജന്യമായി ഭൂമി അനുവദിക്കുന്ന സമിതിയിലുള്ളത്. നിലവിൽ എട്ട് കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകിയിട്ടുണ്ടെന്ന് ചെറിയാൻ സി കാപ്പൻ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision