കർണാടകയിലെ ധാർവാഡിൽ സർക്കാർ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വിദ്യാർത്ഥികളെ നാടകീയമായി രക്ഷപ്പെടുത്തി പൊലീസ്. കുട്ടികളുമായി പോയ ബൈക്ക് ഉത്തക കന്നഡ ജില്ലയിലെ ജോയ്ഡയിൽ അപകടത്തിൽപ്പെട്ടതോടെയാണ് പൊലീസ് സമയോചിതമായി ഇടപെട്ടത്. സംഭവത്തിൽ ഹുബ്ബള്ളി സ്വദേശി മുഹമ്മദ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് ധാർവാഡിലെ കമലാപുര സർക്കാർ പ്രൈമറി സ്കൂളിൽ നിന്ന് രണ്ട്, മൂന്ന് ക്ലാസ് വിദ്യാർത്ഥികളെ കാണാതായത്. ക്ലാസ് മുറിയിലെത്തിയ ഒരാൾ കുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടുപോയെന്ന് മറ്റ് കുട്ടികൾ പറഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി. പിന്നാലെ പൊലീസുമെത്തി.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 50 വയസിലേറെ പ്രായമുള്ള ഒരാൾ കുട്ടികളുമായി ബൈക്കിൽ പോയെന്ന് വ്യക്തമായി. അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ ജോയ്ഡയിൽ ബൈക്കിൽ രണ്ട് കുട്ടികളുമായി പോയ ഒരാൾ അപകടത്തിൽപ്പെട്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.












