ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു ത്രേസ്യായുടെ ഓർമ്മതിരുന്നാളാണ് ഇന്ന്. 1873 ജനുവരി 2-ന് ഫ്രാൻസിലെ അലൻകോണിലാണ് അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, മേരി തെരീസ മാർട്ടിൻ ജനിച്ചത്. അവളുടെ പിതാവ് ഒരു വാച്ച് നിർമ്മാതാവും, മാതാവ് ഒരു തുന്നൽക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോൾ, അമ്മ സ്സേലി, സ്തനാർബുധം ബാധിച്ച് മരിച്ചു. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവൾ വളർന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ, കന്യാമഠ ജീവിതം അവളെ ആകർഷിച്ചിരുന്നു.
1887-ൽ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 15-മത്തെ വയസ്സിൽ, കർമ്മലീത്താ മഠത്തിൽ ചേരുവാൻ, അവൾക്ക് അനുവാദം ലഭിച്ചു. അടുത്ത 9 വർഷക്കാലം, അവള്‍ ഒരു സാധാരണ സന്യാസ ജീവിതം നയിച്ചു; ഈ കാലയളവില്‍ പ്രത്യേക അത്ഭുതപ്രവർത്തികളോ, തീവ്ര വൃതാനുഷ്ഠാനങ്ങളോ ഒന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം സാധാരണ ദൈനംദിന ജോലികൾ പരിപൂർണ്ണ വിശ്വസ്ത്തതയോടെ ചെയ്യുകയും, ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്നേഹത്തിലും ഒരു നിഷ്കളങ്കമായ കുഞ്ഞിന്റേതു പോലുള്ള പെരുമാറ്റവും, സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും അവള്‍ വ്യാപരിച്ചു. തന്നെ കണ്ടുമുട്ടിയവര്‍ക്ക് അവള്‍ ഈശോയേ പകര്‍ന്നു നല്‍കി. വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി.
സഭയോട് ഏറെ സ്നേഹവും, ജനങ്ങളെ തിരുസഭയിലേക്ക് അടുപ്പിക്കുവാനുള്ള അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. വൈദികർക്ക് വേണ്ടി അവർ പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു. ഇരുപത്തി നാലാം വയസ്സിൽ, 1897 സെപ്റ്റംബർ 30-ന് ക്ഷയരോഗത്തെ തുടര്‍ന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.













