1515-ൽ സ്പെയിനിലെ ആവിലയിൽ ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടെയും ഡോണാ ബിയാട്രിസ് ഡവീലയുടെയും മകളായിട്ടാണ് വിശുദ്ധ ത്രേസ്യ ജനിച്ചത്. ഏഴാമത്തെ വയസ്സിൽ യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാനായി ആഫ്രിക്കയിലേക്ക് പോയെങ്കിലും, അമ്മാവൻ അവളെ തിരികെ കൊണ്ടുവന്നു.
12-മത്തെ വയസ്സിൽ അമ്മയുടെ മരണശേഷം, മാതൃതുല്യമായി തന്നെ കാത്തുസൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം പ്രാർത്ഥിച്ചു. അമ്മയുടെ വിയോഗശേഷം അവളെ വളർത്തിയത് അഗസ്തീനിയൻ കന്യാസ്ത്രീകളാണ്. കന്യാലയത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിൽ രൂപപ്പെട്ട ആത്മീയ ചിന്തകൾ ത്രേസ്യയെ സന്ന്യാസത്തിലേക്ക് ആകർഷിച്ചു.
കർമ്മല സഭയിലേക്ക്: 1533-ൽ അവൾ കർമ്മല സഭയിൽ അംഗമായി ചേർന്നു. ഏകദേശം 18 വർഷത്തോളം ശാരീരിക വേദനകളും ആധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടി. ദൈവീക പ്രചോദനത്താൽ, പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ, കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം അവൾ ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത് വിശുദ്ധ 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.
ദൈവവുമായുള്ള നിഗൂഢ ഐക്യം: ദൈവവുമായുള്ള വിശുദ്ധയുടെ നിഗൂഢ ഐക്യത്തിൽ നിന്നുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാണ്. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട (Transverberatio Cordis) സംഭവത്തോടെ ഈ ദൈവകൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തിന്റെ അനുസ്മരണയ്ക്കായി കർമ്മല സഭ ഓഗസ്റ്റ് 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു.
വിശുദ്ധ യൗസേപ്പ് പിതാവിനോട് ത്രേസ്യയ്ക്ക് പ്രത്യേക ഭക്തിയുണ്ടായിരുന്നു. വിശുദ്ധയുടെ പ്രവർത്തനങ്ങൾ വഴിയാണ് ഔസേപ്പിതാവിനോടുള്ള ആദരവ് സഭയിൽ കൂടുതൽ വളർന്നത്.
അന്ത്യം, വിശുദ്ധപദവി: അവസാനം വരെ കർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസ സമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പെയിനിലെ അൽബായിലേക്ക് നടത്തിയ യാത്രക്കിടയിൽ തീർത്തും അവശയായി. “1582 ഒക്ടോബർ 4-ന് ‘ദൈവമേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്'” എന്ന് ഉച്ചരിച്ചുകൊണ്ട് അവൾ മരണമടഞ്ഞു. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലാണ് അവളുടെ വിശുദ്ധ ശരീരം അടക്കം ചെയ്തിരിക്കുന്നത്. പതിനഞ്ചാം ഗ്രിഗോറിയോസ് മാർപാപ്പ 1622-ൽ ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയർത്തി.
സഭയുടെ പണ്ഡിത: ആവിലായിലെ ത്രേസ്യയെ ‘മാലാഖയെപ്പോലെ പരിശുദ്ധയായ കന്യക’ എന്ന വിശേഷണത്തോടെയാണ് സഭ ആദരിക്കുന്നത്. ക്രമരഹിതവും അവ്യക്തവുമായ നിഗൂഢമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങൾ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്. അവളുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഢതയുടെ ഇതിഹാസങ്ങളായി കണക്കാക്കപ്പെടുന്നു. ഫ്രാൻസിസ് ഡി സാലസ്, അൽഫോൺസസ് ലിഗോരി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും വിശുദ്ധയുടെ അദ്ധ്യാത്മ ദർശന രീതിയെ അംഗീകരിച്ചിട്ടുണ്ട്.












