വിശുദ്ധ പഫ്നൂഷിയസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് യാതൊരു രേഖകളും നിലവിലില്ല. എന്നാല്‍ അറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ കാലഘട്ടത്തിലെ മറ്റ് അനേകം യുവാക്കളെപ്പോലെ പഫ്നൂഷിയസും, ഒരു സന്യാസസമൂഹത്തെ നയിക്കുകയും, ആശ്രമജീവിത സമ്പ്രദായത്തിന് തുടക്കമിടുകയും ചെയ്ത ഒരാളാണ്.
305 – 313 കാലയളവില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഈജിപ്തിലേയും, സിറിയയിലേയും ഭരണാധികാരിയായിരുന്ന മാക്സിമിനൂസ് ദയ്യയും വിശുദ്ധനും തമ്മില്‍ ശക്തമായ വാഗ്വാദങ്ങളുണ്ടായി. ആ പ്രദേശങ്ങളില്‍ മാക്സിമിനൂസ് ക്രിസ്ത്യാനികള്‍ക്കെതിരെ മതമര്‍ദ്ദനം അഴിച്ചുവിട്ടു. ക്രിസ്തുമതത്തെ ഇല്ലാതാക്കുവാന്‍ വിജാതീയരുടെ പ്രവര്‍ത്തികളെ ശക്തിപ്പെടുത്തി കൊണ്ടിരുന്ന കാലമായിരുന്നു അത്. ക്രൂരനായ ഭരണാധികാരിയുടെ ഭരണത്തിന്‍ കീഴില്‍ പഫ്നൂഷിയസിന്റെ കത്തോലിക്കാ വിശ്വാസത്തെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഈ ശ്രമങ്ങളില്‍ വിശുദ്ധന്റെ ഇടത് കാലിന് അംഗഭംഗം വരുത്തുകയും, വലത് കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തുവെങ്കിലും അവരുടെ ശ്രമങ്ങള്‍ക്ക് വിജയം കണ്ടില്ല.
ക്രൂരമായ ഈ പീഡനങ്ങള്‍ കൊണ്ട് വിശുദ്ധന്റെ വിശ്വാസത്തെ തടയുവാന്‍ സാധ്യമല്ല എന്ന് കണ്ടതിനാല്‍ ഖനികളില്‍ കഠിനമായ ജോലിചെയ്യുവാന്‍ അദ്ദേഹത്തെ നിയോഗിക്കുകയാണ് ഉണ്ടായത്. 311നും 313നും ഇടക്ക് ക്രിസ്തുമതത്തിന് നേരെയുള്ള ഭരണാധികാരികളുടെ മനോഭാവത്തില്‍ മാറ്റം കണ്ടു തുടങ്ങി.
335-ല്‍ പഫ്നൂഷിയസ് ഈജിപ്തിലെ ഒരു വലിയ മെത്രാന്‍ സമൂഹത്തോടൊപ്പം ട്ടൈറിലെ പ്രാദേശിക സഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. വിശുദ്ധ പഫ്നൂഷിയസ് ജനിച്ച ദിവസത്തേപ്പോലെ തന്നെ അദ്ദേഹം മരണപ്പെട്ട ദിവസത്തേക്കുറിച്ചും യാതൊരറിവുമില്ല. സഭയില്‍ വിശുദ്ധന്റെ നാമത്തില്‍ മറ്റൊരു വിശുദ്ധന്‍ കൂടിയുണ്ട്. ഏപ്രില്‍ 19-ന് രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മപുതുക്കല്‍ കൊണ്ടാടപ്പെടുന്ന പഫ്നൂഷിയസ് എന്ന രക്തസാക്ഷിയാണ് ആ വിശുദ്ധന്‍.













