വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ അറുപതാം ചരമവാർഷികവും, വിശുദ്ധ പോൾ ആറാമൻ പാപ്പായായി അവരോധിക്കപ്പെട്ടതിന്റെ അറുപതാം വാർഷികവും 2023 ൽ സമുചിതമായി ആഘോഷിക്കുന്നു. തദവസരത്തിൽ ജൂൺ മാസം രണ്ടു മുതൽ നാല് വരെയുള്ള തീയതികളിൽ ഇരുവരുടെയും ജന്മദേശങ്ങളായ സോത്തോ ഇൽ മോന്തേ,കൊഞ്ചെസിയോ എന്നീ സ്ഥലങ്ങളിൽ നിന്നും തീർത്ഥാടകരായി റോമിൽ എത്തിച്ചേർന്ന വിശ്വാസികളെ ജൂൺ മൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ സ്വകാര്യകൂടിക്കാഴ്ചയിൽ സ്വീകരിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
ലോകത്തിന്റെയും, സഭയുടെയും വിഷമകാലഘട്ടങ്ങളിൽ സധൈര്യം മുൻപോട്ടു നയിച്ച ദൈവീകഹൃദയത്തിനു യോജിച്ചവരായിരുന്നു ഇരുവരുമെന്ന് പാപ്പാ സന്ദേശത്തിന്റെ ആമുഖമായി പറഞ്ഞു. വിശുദ്ധരായ ഈ രണ്ടു വ്യക്തികളെ സഭയ്ക്ക് സമ്മാനിച്ച രണ്ടു ഗ്രാമങ്ങളിലെയും വിശ്വാസികൾക്ക് പാപ്പാ നന്ദിയർപ്പിച്ചു. സഭയെ നയിക്കുന്ന ഇടയന്മാരുടെ വ്യക്തിപരവും, വിശ്വാസപരവുമായ വളർച്ചയ്ക്ക് അവരുടെ ജന്മദേശങ്ങൾ വഹിക്കുന്ന പങ്കു അമൂല്യമാണ്. ഗവേഷണശാലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങളല്ല വിശുദ്ധരെന്നും, മറിച്ച് പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ, ക്രിസ്തുവെന്ന മൂലക്കല്ലിൽ ജീവിതത്തെ പടുത്തുയർത്തിയവരാണ് അവരെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഈ വിശുദ്ധരെ ലോകത്തിനു സമ്മാനിച്ചതുപോലെ ഇനിയും അനേകം ആളുകൾക്ക് വിശുദ്ധിയുടെ നറുമണം പരത്തുവാൻ പരസ്പര സഹകരണത്തിന്റെയും, സഹാനുഭൂതിയുടെയും, സംഭാവനയുടെയും വേരുകൾ ഇടവരുത്തട്ടെയെന്നും പാപ്പാ ആശംസിച്ചു. അവസാനമായി, ഭൂമിയിൽ സമാധാനം എന്ന ചാക്രികലേഖനത്തിന്റെ അറുപതാം വാർഷികം ആധുനിക ലോകത്തിനു നൽകുന്ന സന്ദേശവും പാപ്പാ എടുത്തു പറഞ്ഞു.
അസഹിഷ്ണുതയും, അശാന്തിയും അരങ്ങു തകർക്കുമ്പോൾ നീതിയിലും, സ്നേഹത്തിലും, സത്യത്തിലും, സ്വാതന്ത്ര്യത്തിലും, വ്യക്തി ബഹുമാനത്തിലും അടിസ്ഥാനമായ സമാധാനം പുലരുവാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന ചാക്രികലേഖനത്തിന്റെ സന്ദേശം പാപ്പാ അടിവരയിട്ടു പറഞ്ഞു. തീർത്ഥാടകരെ പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുകയും, തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയും നൽകി, പാപ്പാ ആശീർവദിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website http://pala.vision