ന്യൂഡൽഹി: ക്രൈസ്‌തവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്‌ഗഡ് ചീഫ് സെക്രട്ടറിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷൻ കത്തയച്ചു. ഗോസംരക്ഷകനെന്ന് അവകാശപ്പെടുന്ന അദേശ് സോണി എന്നൊരാൾ ഛത്തീസ്ഗഡിലെ ക്രൈസ്തവർക്കെതിരേ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കമ്മീഷൻ്റെ ഇടപെടൽ. മാർച്ച് ഒന്നിന് ഗോവധത്തിനെതിരേ റാലി സംഘടിപ്പിക്കാൻ സോണി ആഹ്വാനം ചെയ്യുന്ന വീഡിയോയും ലഭിച്ചിട്ടുണ്ട്.
പോസ്റ്റും വീഡിയോയും ചേർത്തുവായിച്ചാൽ ഛത്തീസ്‌ഗഡിലെ ക്രൈസ്‌തവരെ ആക്രമിക്കാനുള്ള തയാറെടുപ്പിന്റെ സൂചനയാണു ലഭിക്കുന്നതെന്ന് കമ്മീഷൻ കത്തിൽ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം ദേശീയ കോ-ഓർഡിനേറ്റർ എ.സി. മൈക്കിൾ കമ്മീഷനെ സമീപിച്ചിരുന്നുവെന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും കത്തിൽ വ്യക്തമാക്കുന്നു. ഛത്തീസ്‌ഗഡിലെ ക്രിസ്‌ത്യൻ സമൂഹത്തിന് ആവശ്യമായ സുരക്ഷ നൽകണമെന്നും വിഷയത്തിൽ വിശദമായ റിപ്പോർട്ട് കമ്മീഷന് അടിയന്തരമായി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.