ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാൻ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎല്‍എയാണ് സ്പീക്കറുടെ ചേമ്പറില്‍ കയറാൻ ശ്രമിച്ചത്.
പ്രതിഷേധിച്ച വാച്ച് ആൻ്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എൻ ഷംസീർ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താൽകാലികമായി നിർത്തി.
ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയില്‍ ആരോപിച്ചു.












