തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ പൂർണ്ണമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയത്.
2019-ൽ സ്വർണ്ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഈ വിഷയത്തിൽ നിർണ്ണായക നീക്കവുമായി കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ഇന്ന് നിലവിൽ വരും. ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സംഘത്തിന് ലഭിച്ചിട്ടുള്ള നിർദ്ദേശം.
നിയമസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെ ശബരിമലയിലെ സ്വർണ്ണമോഷണ വിവാദം സംസ്ഥാനത്തുടനീളം ആളിക്കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എല്ലാ ജില്ലകളിലും തുടർച്ചയായ സമരങ്ങളിലൂടെ വിഷയം സജീവമായി നിലനിർത്താൻ കോൺഗ്രസ്സ് തീരുമാനിച്ചു.












