മാനന്തവാടി: വനം, വന്യജീവി നിയമങ്ങൾ കാലോചിതമായ മാറ്റങ്ങൾ വരുത്തി മനുഷ്യരുടെ ജീവനും സ്വത്തിനും പരിരക്ഷ ലഭിക്കും വിധത്തിൽ പരിഷ്ക്കരിക്കണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വനം, വന്യജീവി, പരിസ്ഥിതി നിയമങ്ങളും ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി രൂപത സംഘടിപ്പിച്ച പഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
നിലവിൽ വനം വകുപ്പും സർക്കാരുകളും സ്വീകരിക്കുന്ന നടപടികൾ ഭരണഘടനാവിരുദ്ധവും നിയമത്തെ ഏകപക്ഷീയ രീതിയിൽ വ്യാഖ്യാനിക്കലുമാണന്ന് നിയമ വിദ്ഗധർ ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങൾ കാടിറങ്ങുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണ്. തങ്ങളുടെ പരാജയം മറച്ച് വെച്ച് ജനങ്ങളാണ് കുറ്റക്കാർ എന്ന പ്രചരണം ഇനി അനുവദിക്കാനാകില്ലന്നും പഠന ശിബിര ത്തിൽ അഭിപ്രായമുയർന്നു. വനഭൂമിയുടെ അതിർത്തികൾ കൃത്യമായി തിരിച്ച് കൽമതിലുകൾ തീർക്കുക, വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ കയറുന്നതിൽ നിന്നു സ്വകാര്യ ഭൂമി സംരക്ഷിക്കാനുള്ള അവകാശം കർഷകന് അനുവദിച്ച് നല്കുക.
വനത്തിനുള്ളിൽ ഉള്ള തേക്ക്, യൂക്കാലിപ്റ്റസ് മരങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മുറിച്ച് മാറ്റി സ്വാഭാവിക വനവല്ക്കരണം നടത്തുക, വന്യമൃഗങ്ങൾ വരുത്തുന്ന കൃഷി നാശത്തിന് ബാങ്കിംഗ് അതോറിട്ടി നിശ്ചയിച്ചിരിക്കുന്ന സ്കെയിൽ ഓഫ് ഫിനാൻസിംഗ് അടിസ്ഥാനത്തിൽ നഷ്ട പരിഹാരം നിശ്ചയിക്കുക. കടുവ സങ്കേതമല്ലാത്ത വയനാടൻ കാടുകളിലെ കടുവകളെ രാജ്യത്തെ കടുവാ സങ്കേതങ്ങളിലേക്ക് പുനർ വ്യന്യസിക്കുക, മനുഷ്യ ജീവന് സംഭവിക്കുന്ന നാശത്തിന് കുറഞ്ഞത് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുക, വന്യമൃഗങ്ങളുമായ ബന്ധപ്പെട്ട പരാതികൾ പോലീസ് സ്റ്റേഷനുകൾ വഴിയാക്കി എഫ്.ഐ.ആർ തയ്യാറാക്കുക, ഇതിനായി ഫോറസ്റ്റ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുക, ഉപദ്രവകാരികളായ വന്യമൃഗങ്ങളെ പിടിക്കുന്നതിനും ആവശ്യമെങ്കിൽ വെടിവെയ്ക്കുന്നതിനും ഉത്തരവ് നല്കാനുള്ള അധികാരം ജില്ലാ കലക്ടർമാർക്ക് നല്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision