കടുത്തുരുത്തി: റോഡ് നിര്‍മാണം നടക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ വഴി തിരിഞ്ഞു പോകുന്ന ഭാഗത്ത് സാമൂഹ്യവിരുദ്ധന്‍ റോഡരികില്‍ കമ്പികള്‍ അടിച്ചു താഴ്ത്തി വച്ചിരിക്കുന്നത് അപകട ഭീഷിണി ഉയര്‍ത്തുന്നു. വളവ് തിരിഞ്ഞ് വാഹനങ്ങള്‍ കയറി പോകുന്ന ഭാഗത്താണ് കമ്പികള്‍ അടിച്ചു വച്ചിരിക്കുന്നത്. നിരവധി വാഹനങ്ങളുടെ ടയറുകള്‍ കമ്പിയില്‍ തുളച്ചു കയറി കീറി നശിച്ചതായി യാത്രക്കാര്‍ പരാതി പറയുന്നു.
മങ്ങാട് കുരിശുപള്ളിക്ക് സമീപം കലിങ്ക് നിര്‍മാണം നടക്കുന്നതിനിലാണ് പെരുവ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മങ്ങാട് കവലയില്‍ നിന്നും മങ്ങാട്ടുനിരപ്പ് റോഡിലൂടെ കയറി കടുത്തുരുത്തിയിലേക്ക് പോകുന്നത്. ഈ വഴിക്ക് എസ് ആകൃതിയിലുള്ള വളവുണ്ട്. ഈ വളവിലാണ് സാമൂഹ്യവിരുദ്ധന്‍ കനമുള്ള നിരവധി കമ്പികള്‍ അടിച്ചു താഴ്ത്തി വച്ചിരിക്കുന്നത്. വാഹനങ്ങള്‍ വളവ് തിരിയുമ്പോള്‍ കമ്പി വച്ചിരിക്കുന്ന പുരയിടത്തിന്റെ സൈഡില്‍ ഇടിക്കാതിരിക്കാനാണത്രെ ഇയാള്‍ കമ്പികള്‍ കുത്തി വച്ചിരിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
രാത്രിയില്‍ ഉള്‍പെടെ വാഹനങ്ങല്‍ കടന്നുപോകുമ്പോള്‍ വാഹനങ്ങള്‍ പഞ്ചാറാകുന്നതും യാത്രക്കാര്‍ അപകടത്തില്‍പെടാനും ഇതു കാരണമാവുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടി കാണിക്കുന്നു. സംഭവത്തില്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കരുടെയും ആവശ്യം.
















