കടുത്തുരുത്തി: മണ്ണും എക്കലും ചെളിയും മാലിന്യങ്ങള്‍ നിറഞ്ഞും കാട് മൂടിയും റോഡരികിലെ ഓടകള്‍. സ്ലാബില്ലാതെ തുറന്ന് കിടക്കുന്ന ഓടകള്‍ കാട് മൂടിയതോടെ റോഡരികിലൂടെ നടക്കുന്നവര്‍ അപകടത്തില്‍പെടുന്നതും പതിവായി. റോഡരികിലൂടെ നടന്നു പോകുമ്പോള്‍ വാഹനങ്ങള്‍ റോഡരിക് ചേര്‍ന്ന് വരുമ്പോള്‍ വശങ്ങളിലേക്ക് മാറി നില്‍ക്കാന്‍ ശ്രമിക്കുമ്പോളാണ് ഓടയിലേക്കു വീണു അപകടങ്ങള്‍ ഉണ്ടാകുന്നത്. കൂടാതെ വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ ഒതുക്കുന്ന ചെരിയ വാഹനങ്ങളും ഇത്തരത്തില്‍ ഓടകളില്‍ വീണ് അപകടത്തില്‍പെടുന്നുണ്ട്. ഓടകള്‍ തെളിക്കണമെന്നും കാടും പള്ളയും വെട്ടി നീക്കണമെന്നും സ്ലാബുകള്‍ സ്ഥാപിക്കണമെന്നും ജനപ്രതിനിധികള്‍ ഉള്‍പെടെ പലതവണ പിഡബ്യൂഡിയോട് ആവശ്യപെട്ടിട്ടുണ്ടെങ്കിലും ഇതൊന്നും നടപടിയായിട്ടില്ല. പിഡ്യൂഡിയുടെ നേതൃത്വത്തില്‍ ഓടകള്‍ തെളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതൊന്നും തങ്ങളുടെ പണിയല്ലെന്നാണ് പിഡബ്യൂഡിയുടെ നിലപാടെന്ന് ജനപ്രതിനിധികള്‍ പറയുന്നു. വാഹന തിരക്കേറിയ ഏറ്റുമാനൂര്‍-വൈക്കം റോഡിന്റെ വശങ്ങളിലൂടെ കടന്നുപോകുന്ന ഓട പലയിടത്തും സമാന രീതിയില്‍ അപകട ഭീഷിണി ഉയര്‍ത്തുകയാണ്.
മുട്ടുചിറ ജംഗ്ഷന് സമീപവും പെട്രോള്‍ പമ്പിന് സമീപവും ഉള്‍പെടെ പലയിടത്തും റോഡരികില്‍ ഓടകള്‍ വാ പിളര്‍ത്തി അപകടഭീഷിണിയുമായി നില്‍ക്കുകയാണ്. എക്കല്‍ നിറഞ്ഞ ഓടകളില്‍ വലിയ പുല്ലുകള്‍ വളര്‍ന്ന് മൂടിയതിനാല്‍ ഇവിടം ഓടയുണ്ടെന്ന് പരിചയമില്ലാത്തവര്‍ക്ക് മനസിലാവില്ല. കഴിഞ്ഞദിവസം റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴും കാറിന്റെ വീല്‍ ഓടയിലേക്ക് വീണു മുട്ടുചിറയില്‍ അപകടമുണ്ടായിരുന്നു. ഇന്നലെ ബസിന് സൈഡ് കൊടുക്കാന്‍ മാറി നില്‍ക്കുമ്പോള്‍ മുട്ടുചിറയില്‍ ഓടയില്‍ വീഴാന്‍ പോയ ആളെ അടുത്തുണ്ടായിരുന്നവരാണ് പിടിച്ചുമാറ്റി രക്ഷപെടുത്തിയത്. ഓടകള്‍ തെളിക്കണമെന്നും വാ തുറന്ന് കിടക്കുന്ന ഓടകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കണമെന്നും പലതവണ ആവശ്യപെട്ടെങ്കിലും നടപടിയില്ലെന്ന് കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്‍ര് ജിന്‍സി എലിസബത്ത് പറഞ്ഞു. ആളുകള്‍ പരാതിപെടുമ്പോല്‍ പലപ്പോഴും സ്വന്തം ചിലവിലാണ് ഓട വെട്ടി തെളിക്കുന്നത്. മുട്ടുചിറ പമ്പിന് സമീപത്ത് നിന്നും എച്ച്ജിഎം ആശുപത്രി റോഡില്‍ തകര്‍ന്ന് കിടന്ന ഓടയുടെ സ്ലാബ് സമീപത്തെ വ്യാപാരിയുടെ നേതൃത്വത്തില്‍ പണം മുടക്കിയാണ് ശരിയാക്കിയത്. പിഡബ്യൂഡിയോട് പലതവണ പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ സ്ത്രീകള്‍ ഉല്‍പെടെ നിരവധിപേര്‍ ഇവിടെ അപകടത്തില്‍പെട്ടു. ഇതോടെയാണ് വ്യാപാരി പണം മുടക്കി ഓടയും സ്ലാബും നന്നാക്കിയതെന്നും ജിന്‍സി പറഞ്ഞു. പ്ലാസ്റ്റിക്ക് ചാക്കുകളും ഫ്‌ളെക്‌സും മണ്ണും ചെളിയും മാലിന്യങ്ങളുമെല്ലാം നിറഞ്ഞു ഓടകള്‍ അടഞ്ഞിരിക്കുകയാണ്. മഴ പെയ്താല്‍ ടൗണുകളില്‍ വെള്ളക്കെട്ട് പതിവായി. മാലിന്യങ്ങളും എക്കലും ചെളിയും നിറഞ്ഞു റോഡരികിലെ ഓടകള്‍ പൂര്‍ണമായും മൂടിയ നിലയിലാണ്. ശക്തമായ മഴയില്‍ വെള്ളം ഒഴുകി പോകാനുള്ള സൗകര്യങ്ങള്‍ പരിമിതപെട്ടതോടെ വെള്ളം റോഡില്‍ കെട്ടി നില്‍ക്കുന്ന കാഴ്ച്ചയാണ് പലയിടത്തും. ഓടയില്‍ നിന്നുള്ള മലിനജലം കലരുന്നതിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇതില്‍ ചവുട്ടി നടക്കുന്നവര്‍ നേരിടുന്നത്. ഓടകള്‍ നിറഞ്ഞു വെള്ളക്കെട്ട് വ്യാപകമായതോടെ റോഡിന്റെ വശങ്ങളിലെ കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്ന വ്യാപാരികളും വാഹനം പാര്‍ക്ക് ചെയ്യുന്നവരും കല്‍നടയാത്രക്കാരും വിദ്യാര്‍ഥികളുമെല്ലാം ദുരിതത്തിലാണ്. സാധാരണ മഴയ്ക്കു മുമ്പ് ഓടകള്‍ വൃത്തിയാക്കാറുണ്ടെങ്കിലും ഇക്കുറി പലയിടത്തും ഓട ശുചീകരണം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും ആക്ഷേപമുണ്ട്.
