ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 94 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
ഇപ്പോഴും വാങ് ഫുക് കോർട് കെട്ടിടത്തിൻ്റെ പല ഭാഗങ്ങളിലും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതിനിടെ ഒരു കെട്ടിടത്തിൻ്റെ 16ാം നിലയിൽ നിന്ന് ഒരാളെ ജീവനോടെ പരിക്കേൽക്കാതെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.
കെട്ടിടത്തിൻ്റെ നവീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ ഗുരുതരമായ അശ്രദ്ധ ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകളും ജനലുകളിൽ സ്ഥാപിച്ചിരുന്ന വലകളും മറ്റുമാണ് തീ ആളിപ്പടരാൻ കാരണമായതെന്ന് സംശയിക്കുന്നു.














