ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സന്ന്യാസിനീസമൂഹങ്ങളുടെ മേൽ മേൽശ്രേഷ്ഠകളുടെ (മേജർ സുപ്പീരിയേഴ്സിൻറെ) സമിതിയെ വത്തിക്കാനിൽ സ്വീകരിച്ചു.
നാം നമ്മെത്തന്നെ തടവിലാക്കുന്ന വിരസമായ പദ്ധതികൾ തകർക്കാനും ദൈവിക സർഗ്ഗാത്മകതയാൽ നമ്മെ അത്ഭുതപ്പെടുത്താനും യേശുക്രിസ്തുവിനാകുമെന്ന് അവിടത്തെ പുനരുത്ഥാനത്തിനു ആദ്യ സാക്ഷികളായ സത്രീകളുടെ ധൈര്യം നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ സന്ന്യാസിനീസമൂഹങ്ങളുടെ മേൽ മേൽശ്രേഷ്ഠകളുടെ (മേജർ സുപ്പീരിയേഴ്സിൻറെ) സമിതിയുടെ എഴുപതാം പൊതുസമ്മേളനത്തിൽ സംബന്ധിക്കുന്നവരടങ്ങിയ മൂന്നുറോളം പേരെ വ്യാഴാഴ്‌ച (13/04/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യവ്വെ ഈ സമ്മേളനത്തിൻറെ വിചിന്തനപ്രമേയത്തെ അടിസ്ഥാനമാക്കി അവരോടു സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
“സിനഡുയാത്രയിൽ, ഉത്ഥിതനു സാക്ഷികളായ സ്ത്രീകൾ” എന്ന വിചിന്തനപ്രമേയത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ, ഉത്ഥിതന് സാക്ഷികളായ സ്ത്രീകൾ, സിനഡു യാത്രയിൽ, പ്രത്യാശയുടെ വിതക്കാരികൾ എന്നീ മൂന്ന് ആശയങ്ങൾ വിശകലനം ചെയ്തു.
ധൈര്യശാലികളായ ആ സ്ത്രീകൾ ഉത്ഥിതൻറെ ശക്തിയാലും പ്രകാശത്താലും ആശ്ചര്യപ്പെടാനും നയിക്കപ്പെടാനും സ്വയം അനുവദിക്കുകയും അവനെ അന്വേഷിക്കാനായി പുറപ്പെടുകയും ചെയ്തുവെന്നും ജീവിക്കുന്ന കർത്താവിനെ ഹൃദയത്തിൽ പേറുക എത്ര പ്രധാനമാണെന്ന് അവർക്ക് പൂർണ്ണമായ അവബോധം ഉണ്ടായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
യേശുവിൻറെ സാന്നിധ്യം നമ്മെ നമ്മിൽത്തന്നെ അടച്ചിടുകയല്ല പ്രത്യുത മറ്റുള്ളവരുമായി കണ്ടുമുട്ടുന്നതിനും മറ്റുള്ളവരോടൊപ്പം നടക്കാൻ തീരുമാനിക്കുന്നതിനും പ്രേരിപ്പിക്കുന്നുവെന്നും ഉത്ഥിതനുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം തങ്ങൾക്കു മാത്രമായി സൂക്ഷിക്കാനൊ തനിച്ചു നടക്കാനൊ അല്ല ഈ സ്ത്രീകൾ തീരുമാനിച്ചതെന്നും പാപ്പാ സിനഡുയാത്രയിൽ എന്ന ആശയം വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു.
ഉത്ഥിതനുമായുള്ള കൂടിക്കാഴ്ച ആ സ്ത്രീകളുടെ ഹൃദയങ്ങളെ പ്രത്യാശാഭരിതമാക്കുകയും അവരെ പ്രത്യാശയുടെ ഉല്പാദകരാക്കുകയും ചെയ്യുന്നുവെന്നും, ഇതിനർത്ഥം, നരകുലത്തിനു മദ്ധ്യേ ദൈവത്തിൻറെ പുളിമാവായിത്തീരുക എന്നാണെന്നും പാപ്പാ പ്രത്യാശയുടെ വിതക്കാരികൾ എന്ന മൂന്നാമത്തെ ആശയം വിശകലനം ചെയ്യവെ വിശദീരിച്ചു.