വത്തിക്കാൻ സിറ്റി: നമ്മുടെ സാമ്പത്തിക സ്ഥിതിയോ തൊഴിലോ അല്ല മറിച്ച്, ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പരമപ്രധാനമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. മെക്സിക്കോയിൽ നിന്നുള്ള സംരംഭകരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിജയത്തേക്കാൾ പ്രധാനപ്പെട്ടത് ആത്മീയ മൂലധനമാണെന്ന് കൂട്ടിച്ചേർത്ത പാപ്പ, പൗരോഹിത്യ രൂപീകരണ ദൗത്യത്തിൽ സഭയ്ക്ക് പിന്തുണയേകണമെന്നും സംരംഭകരോട് അഭ്യർത്ഥിച്ചു.
എല്ലാ കത്തോലിക്കർക്കും ഒരു ഭവനം പോലെയാണ് വത്തിക്കാൻ എന്ന് വ്യക്തമാക്കാൻ, സ്പാനിഷ് ഭാഷയിൽ ‘കാസ എസ് സു കാസ’ (എന്റെ ഭവനം നിങ്ങളുടെ ഭവനമാണ്) എന്ന് പറഞ്ഞുകൊണ്ടാണ് മെക്സിക്കോ അതിരൂപതയുടെ നേതൃത്വത്തിലെത്തിയ സംരംഭകരെ പാപ്പ സ്വീകരിച്ചത്. കുടുംബമെന്ന പ്രമേയത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, ലോകമെമ്പാടുമുള്ള പല സമൂഹങ്ങളിലും കുടുംബബോധം നഷ്ടപ്പെടുന്നതിലുള്ള ഖേദം പാപ്പ പ്രകടിപ്പിക്കുകയും ചെയ്തു.
ക്ഷമ, സ്നേഹം, സംവാദം എന്നിവയിലൂടെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുമെന്നത് വിസ്മരിക്കരുത്. പരസ്പരം സഹായിക്കാൻ അഭിപ്രായങ്ങൾ പങ്കിടുകയും പരസ്പരം ആവശ്യങ്ങൾ ചർച്ച ചെയ്യുകയും വേണം. മറ്റെന്തിനേക്കാളും ഉപരി പൊതുനന്മയ്ക്കാകണം പ്രാധാന്യം നൽകേണ്ടത്. ഞാൻ, വിജയം, അധികാരം, പണം എന്ന ലൗകീക യുക്തിയുടെ മുകളിൽ കുടുംബത്തിന്റെ ‘ഞങ്ങൾ’ എന്ന യുക്തി സ്ഥാപിക്കാൻ നമുക്ക് കഴിയണം.
ദൈവവുമായുള്ള നമ്മുടെ ബന്ധം ആഴപ്പെടുത്തണമെന്ന് നിർദേശിച്ചതിനൊപ്പം, സൃഷ്ടിയെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തോടൊപ്പം ആവശ്യമുള്ള അനേകരിലേക്ക് ദൃഷ്ടി തുറക്കാൻ നമ്മെ സഹായിക്കാൻ യേശുവിന് കഴിയുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision