തിരുവനന്തപുരം ആർസിസിയിലെ നിയമന ക്രമക്കേട് ആരോപണത്തിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെ സസ്പെൻഡ് ചെയ്തു. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർസിസിയുടെ നടപടി. ചീഫ് നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തുകൊണ്ട് ആർസിസി ഡയറക്ടർ ഡോ കെ രജ്നീഷ് കുമാർ ഉത്തരവിറക്കി.
അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗീതാ ലക്ഷ്മിയുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ ചട്ടങ്ങൾ ലംഘിച്ച് അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നായിരുന്നു പരാതി. ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾക്കാണ് പട്ടികയിൽ ഒന്നാം റാങ്ക്.
ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്നാണ് ചട്ടം. സ്റ്റാഫ് നഴ്സ് നിയമനത്തിന്, എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കിയതും, ഉദ്യോഗാർത്ഥികൾക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്സിംഗ് ഓഫീസർ പങ്കെടുത്തു.













