ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഖത്തർ. മേഖലയിലും അതിനപ്പുറത്തുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകളുമായി മുന്നോട്ടു പോകുന്നതിനുള്ള നിർണായക ചുവടുവയ്പ്പായിരിക്കും കരാറെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ
പ്രകടിപ്പിച്ചു. ശാശ്വതവും സമഗ്രവും സുസ്ഥിരവുമായ സമാധാനം ഉറപ്പുവരുത്തുന്നതിന് സമാധാനപരമായ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ ഊന്നിപ്പറഞ്ഞു. ഖത്തറിന്റെ പരമാധികാരത്തിലും വ്യോമാതിർത്തിയിലും ഇറാൻ നടത്തിയ നിയമ ലംഘനം മേഖലയിൽ
സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്നും എല്ലാ നിരുത്തരവാദപരമായ നടപടികളെയും പ്രതിരോധിക്കാൻ ആത്മാർത്ഥവും കൂട്ടായതുമായ ശ്രമങ്ങൾ ആവശ്യമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. ഖത്തർ സമാധാനം നടപ്പിലാക്കാനുള്ള ഒരു പ്രേരകശക്തിയായി തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നൽകി.












