മന്ത്രി വി എൻ വാസവൻ നിർമ്മാണ പുരോഗതി വിലയിരുത്തി
ഏറ്റുമാനൂർ :പുതുപ്പള്ളി ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു മീനച്ചിലാറിനു കുറുകെയുള്ള പുന്നത്തുറ-കമ്പനിക്കടവ് പാലത്തിന്റെ പുനർനിർമാണം അന്തിമഘട്ടത്തിൽ. മന്ത്രി വി എൻ വാസവൻ നിർമ്മാണ പുരോഗതി വിലയിരുത്തി.പാലത്തിൻ്റെ കോൺഗ്രീറ്റ് ഉൾപ്പെടെയുള്ള നിർമ്മാണം പൂർത്തീകരിച്ചു. അവശേഷിക്കുന്ന കൈവരികളുടെയും നടപ്പാതയുടെയും നിർമ്മാണം പുരോഗമിക്കുന്നു. ഏഴ് മീറ്റർ റോഡും ഇരുവശങ്ങളിൽ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും 83.4 മീറ്റർ നീളത്തിലുമാണ് നിർമാണം. 9.91 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. രണ്ടു തൂണുകളും മൂന്നുസ്പാനുകളും ഒൻപതു ബീമുകളുമാണ് പാലത്തിനുള്ളത്.
അപകടത്തിലായിരുന്ന പഴയപാലം പൂർണമായും പൊളിച്ചു നീക്കിയാണ് പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. മൂന്നര പതിറ്റാണ്ടു മുൻപാണ് കമ്പനിക്കടവ് പാലം നിർമിച്ചത്. കാലപ്പഴക്കത്താൽ കൈവരികൾ തകർന്നും, ബലക്ഷയം മൂലം അപകടവസ്ഥയിലുമായിരുന്നു. പുന്നത്തുറ കിഴക്ക്, പടിഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരുവശം ഏറ്റുമാനൂർ നഗരസഭയിലും മറുവശം അയർക്കുന്നം പഞ്ചായത്തിലുമാണ്. 2018ലെ പ്രളയത്തിനു ശേഷം പാലം തീർത്തും അപകടാവസ്ഥയിലായിരുന്നു. മൂന്നുമീറ്റർ മാത്രമായിരുന്നു പാലത്തിന്റെ വീതി. വാഹനങ്ങൾ ഞെങ്ങിഞെരുങ്ങിയായിരുന്നു അപ്പുറം കടന്നിരുന്നത്. പാലത്തിന്റെ വീതിക്കുറവ് കാൽനടയാത്രികരെയും ബുദ്ധിമുട്ടിച്ചിരുന്നു. കമ്പനിക്കടവ് പാലം യഥാർത്ഥ്യമാകുന്നതോടെ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ള ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരമാകും.ജൂണിൽ പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കും.
സിപിഐ എം ജില്ല കമ്മിറ്റിയംഗം ഇ എസ് ബിജു, ലോക്കൽ സെക്രട്ടറിമാരായ കെ പി ശ്രീനി, എം ഡി വർക്കി, വ്യപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി എം കെ സുഗതൻ, നഗരസഭ കൗൺസിലർമാരായ എം കെ സോമൻ, ഡോ. എസ് ബീന എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

