പ്രോലൈഫ് തൊപ്പി ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ യുഎസ് മ്യൂസിയം ക്ഷമാപണം നടത്തി
വാഷിംഗ്‌ടണ്‍ ഡിസി: “പ്രോലൈഫ് ജപമാല” എന്ന സന്ദേശമെഴുതിയ തൊപ്പികള്‍ ധരിച്ചതിന്റെ പേരില്‍ ഒരു സംഘം കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ‘വാഷിംഗ്‌ടണ്‍ ഡിസി’യിലെ സ്മിത്ത്സോണിയന്‍’സ് നാഷണല്‍ എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കിയത് വിവാദത്തിൽ. ഇക്കഴിഞ്ഞ ജനുവരി 20ന് വാഷിംഗ്‌ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്ത ശേഷം മ്യൂസിയം കാണുവാന്‍ എത്തിയ തെക്കന്‍ കരോളിനയിലെ ഗ്രീന്‍വില്ലെയിലെ ഔര്‍ ലേഡി ഓഫ് റോസറി സ്കൂളില്‍ പഠിക്കുന്ന ആറംഗ കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘത്തെയാണ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കിയത്.
മ്യൂസിയത്തില്‍ ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെ സമീപിച്ച സുരക്ഷ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് പ്രോലൈഫ് സന്ദേശമെഴുതിയ തൊപ്പി മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മ്യൂസിയം ഒരു നിഷ്‌പക്ഷ മേഖലയാണെന്നും പറഞ്ഞുകൊണ്ട് മ്യൂസിയം സ്റ്റാഫ് വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നുവെന്നു ക്രിസ്ത്യന്‍ നിയമ സംഘടനയായ ദി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ & ജസ്റ്റിസ് (എ.സി.എല്‍.ജെ) പറഞ്ഞു.
മ്യൂസിയത്തില്‍ നടന്നത് ഭരണഘടനയുടെ ഒന്നാം ഭേദഗതിയില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല, മതസ്വാതന്ത്ര്യത്തിന്റേയും വ്യക്തമായ ലംഘനമാണെന്നു എ.സി.എല്‍.ജെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ദാന്‍ സെകുലോവ് ചൂണ്ടിക്കാട്ടി. മതപരമെന്ന കാരണത്താല്‍ വ്യക്തികളുടെ അഭിപ്രായത്തെ അടിച്ചമര്‍ത്തുവാനോ തള്ളിക്കളയുവാനോ സര്‍ക്കാരിന് കഴിയില്ലെന്ന 2002-ലെ സുപ്രീം കോടതിവിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. നടന്ന സംഭവത്തില്‍ മ്യൂസിയത്തിന്റെ സെക്രട്ടറിയായ ‘ലോണി ജി. ബഞ്ച് III’നോട് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടെഡ് ക്രൂസും, ലിന്‍ഡ്സെ ഗ്രഹാമും മ്യൂസിയം സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്.
വിവേചനപരമായ ഈ സംഭവം നടന്ന മ്യൂസിയത്തിനെതിരെ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‍ അറിയിച്ചു. വിവാദമായതിനെ തുടര്‍ന്ന് ഫെബ്രുവരി 7-ന് ദൗര്‍ഭാഗ്യകരമായ ഈ സംഭവം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ ഒരു തെറ്റാണെന്ന്‍ സമ്മതിച്ചുകൊണ്ട് മ്യൂസിയം വക്താവ് ക്ഷമാപണം നടത്തിയിരുന്നു. മ്യൂസിയത്തില്‍ പ്രോലൈഫ് തൊപ്പികള്‍ അനുവദനീയമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത് തെറ്റാണെന്ന് മ്യൂസിയം വക്താവ് വ്യക്തമാക്കി. സന്ദർശകരോട് അവരുടെ തൊപ്പികളും വസ്ത്രങ്ങളും നീക്കംചെയ്യാൻ ആവശ്യപ്പെടുന്നത് നയത്തിനോ, മാനദണ്ഡങ്ങള്‍ക്കോ നിരക്കുന്നതല്ലെന്നും ഇത്തരത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ തങ്ങള്‍ ശ്രമിക്കുമെന്നും മ്യൂസിയം വക്താവ് ഉറപ്പ് നല്‍കി.