റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയെ സംബന്ധിച്ച പുതിയ വിവരങ്ങൾ വത്തിക്കാൻ വാർത്താകാര്യാലയം പ്രസിദ്ധീകരിച്ചു
ന്യുമോണിയ ബാധയും, ശ്വാസതടസ്സവും മൂലം റോമിലെ ജമല്ലി ആശുപത്രിയിൽ, ഫെബ്രുവരി പതിനാലാം തീയതി പ്രവേശിപ്പിച്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന സന്തോഷവാർത്ത വത്തിക്കാൻ വാർത്താകാര്യാലയം അറിയിച്ചു. മാർച്ചുമാസം പത്തൊൻപതാം തീയതി ഇറ്റാലിയൻ സമയം വൈകുന്നേരം പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്. മെക്കാനിക്കൽ വെന്റിലേറ്റർ സംവിധാനം പൂർണ്ണമായി നിർത്തിയെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പിയുടെ അളവും കുറക്കുവാൻ സാധിച്ചിട്ടുണ്ടെന്നും, ഇത് ശ്വസന – ചലന പ്രക്രിയകളിൽ കൈവരിച്ച പുരോഗതിയെ എടുത്തുകാണിക്കുന്നുവെന്നും മാധ്യമങ്ങൾക്കുള്ള കുറിപ്പിൽ പറയുന്നു. മാർച്ചുമാസം പത്തൊൻപതാം തീയതി, വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിവസം ഫ്രാൻസിസ് പാപ്പാ വിശുദ്ധ ബലിയർപ്പിച്ചു. തന്റെ പത്രോസിനടുത്ത ശുശ്രൂഷ ഔദ്യോഗികമായി ആരംഭിച്ച ദിവസം കൂടിയാണ് മാർച്ച് പത്തൊൻപത്.