ഫ്രാൻസിസ് പാപ്പാ സമാധാനത്തിനായി നടത്തിയ ആഹ്വാനം ജൂൺ 14 ബുധനാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ വായിക്കപ്പെട്ടു.
മാനവരാശി ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ലോകത്ത് സമാധാനം പോലും യുദ്ധത്തിന് കീഴടങ്ങുന്നതായ പ്രതീതിയാണുള്ളതെന്നും ഫ്രാൻസിസ് പാപ്പാ. ജൂൺ 14 ബുധനാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലേക്ക് നൽകിയ സന്ദേശത്തിലാണ് ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും ഏവരുടെയും ശ്രദ്ധയെ പാപ്പാ ക്ഷണിച്ചത്. ലോകത്ത് സുരക്ഷിതത്വത്തിനും സമാധാനത്തിനും മേൽനോട്ടം വഹിക്കേണ്ട സുരക്ഷാകൗൺസിൽ നിഷ്പ്രഭമായിരിക്കുന്ന പ്രതീതിയാണ് ഉള്ളതെന്ന് പാപ്പാ വീക്ഷിച്ചു. പ്രത്യാശശാസ്ത്രങ്ങളിൽനിന്നും പക്ഷാപാതപരമായ വീക്ഷണകോണുകളിൽനിന്നും അകന്ന് മുഴുവൻ മാനവരാശിയുടെയും പൊതുനന്മയ്ക്കായി ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, നിഗൂഢലക്ഷ്യങ്ങൾ മറച്ചുവയ്ക്കാനുള്ള ഉപകരണമായി കാണാതെ, സുതാര്യതയോടെയും ആത്മാർത്ഥതയോടെയും നീതിക്കുവേണ്ടിയുള്ള ഒരു സൂചികയായി ഉപയോഗിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.
ആഗോളവത്കരണത്തിന്റെ ഈ നാളുകളിൽ നാം പരസ്പരം എടുക്കുന്നതിന് പകരം, സാഹോദര്യത്തിന്റെ അഭാവമാണ് പലയിടങ്ങളിലും ഉള്ളതെന്ന് പാപ്പാ പറഞ്ഞു. ഇത് അനീതി, ദാരിദ്ര്യം, അസമത്വങ്ങൾ, ഐക്യദാർഢ്യത്തിന്റെ സംസ്കാരമില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാലാണ് ഉളവാകുന്നത്. വ്യാപകമായ വ്യക്തിവാദം, സ്വാർത്ഥത, പുതിയ ചില പ്രത്യയശാസ്ത്രങ്ങൾ തുടങ്ങിവ സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ ഉപയോഗശൂന്യരായി കണക്കാക്കുന്നതിലേക്ക് നയിക്കുന്നു. സാഹോദര്യത്തിന്റെ അഭാവമുളവാക്കുന്ന ഏറ്റവും വലിയ തിക്തഫലം സായുധസംഘട്ടനങ്ങളും യുദ്ധങ്ങളുമാണ്. തലമുറകളിലേക്ക് നീളുന്ന വിധത്തിൽ ജനതകളിൽ ശത്രുതാമനോഭാവമാണ് ഇതുളവാക്കുന്നത്.
നിയമസാധുതയുള്ള യുദ്ധം എന്ന ഒരു യുക്തിയിൽനിന്ന് നാം പുറത്തുകടക്കണമെന്നും, ആണവായുധങ്ങൾ ഉൾപ്പെടെയുള്ള കൂട്ടനശീകരണ മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള യുദ്ധങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നവയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, യുദ്ധം ന്യായമല്ലെന്നും, സമാധാനം മാത്രമാണ് നീതിയെന്നും പറയാൻ നാം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കി. ഒരു പൊതുഭവനത്തിലെ നിവാസികളായ നാം ദേശീയതയുടെ ഇടുങ്ങിയ ചിന്തകളിൽനിന്ന് പുറത്തുവരണമെന്നും സാഹോദര്യം പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ലോകത്ത് സമാധാനം നിലനിൽക്കാനായി തന്റെയും ലോകം മുഴുവനുമുള്ള കത്തോലിക്കാരുടെയും പ്രാർത്ഥനകൾ പാപ്പാ വാഗ്ദാനം ചെയ്തു. സുരക്ഷാസമിതിക്കൊപ്പം മുഴുവൻ ഐക്യരാഷ്ട്രസഭയും അതിലെ അംഗങ്ങളും മാനവരാശിയുടെ നന്മയ്ക്കായി സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും വളർച്ചയ്ക്കായി സേവനമനുഷ്‌ഠിക്കുമെന്ന് പാപ്പാ പ്രതീക്ഷ പ്രകടിപ്പിച്ചു.
വത്തിക്കാനും മറ്റു രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങളുടെ ചുമതലയുള്ള ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറാണ് പാപ്പായുടെ സന്ദേശം വായിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision