വത്തിക്കാന്‍ സിറ്റി: ടെക്സാസിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാര്‍ത്ഥനയുമായി ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകർക്കൊപ്പം ത്രികാല പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ദുരന്തത്തിന് ഇരയായവരെ പാപ്പ പ്രത്യേകം അനുസ്മരിച്ചത്.
അമേരിക്കയിലെ ടെക്സാസിലെ ഗ്വാഡലൂപ്പ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരന്തത്തിന് ഇരയായ പ്രിയപ്പെട്ടവരെ, പ്രത്യേകിച്ച് വേനൽക്കാല ക്യാമ്പിലുണ്ടായിരുന്ന മക്കളെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുകയാണെന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു.
അതേസമയം മധ്യ ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 78 ആയി ഉയര്‍ന്നു. 41 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ പ്രസിദ്ധമായ ക്യാംപ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്.













