ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം: യേശു അക്ഷയാനന്ദത്തിലേക്കു നയിക്കുന്ന പാത.
ഞായറാഴ്ച (07/05/23) ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. അർക്കാംശുക്കൾ നിർല്ലോഭം ചൊരിയപ്പെട്ട അന്ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രാർത്ഥനയ്ക്കായി വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന, “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. ഈ ഞായറാഴ്ച (07/05/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം പതിനാലാം അദ്ധ്യായം, 1 മുതൽ 12 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 14,1-12) അതായത്, താനാണ് പിതാവിങ്കലേക്കുള്ള വഴിയെന്നും താൻ പിതാവിലും പിതാവ് തന്നിലും ആണെന്നും യേശു ശിഷ്യന്മാരോടു വിശദീകരിക്കുന്ന ഭാഗം ആയിരുന്നു പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുമ്പ്, നടത്തിയ വിചിന്തനത്തിന് ആധാരം.
പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം :
ധൈര്യം പകരുന്ന യേശു
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
യേശുവിൻറെ മരണത്തിന് മുമ്പുള്ള അവിടത്തെ അവസാനത്തെ പ്രഭാഷണത്തിൽ നിന്നെടുത്തതാണ് ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം (യോഹന്നാൻ 14:1-12). ശിഷ്യന്മാരുടെ ഹൃദയം അസ്വസ്ഥമാണ്, പക്ഷേ കർത്താവ് അവരെ ധൈര്യപ്പെടുത്തുന്ന വാക്കുകൾ സംസാരിക്കുന്നു, ഭയപ്പെടാതിരിക്കാൻ അവരെ ക്ഷണിക്കുന്നു, നീങ്ങൾ ഭയപ്പെടേണ്ട: വാസ്തവത്തിൽ, അവൻ അവരെ ഉപേക്ഷിക്കുകയല്ല, പ്രത്യുത, അവർക്കായി ഒരു സ്ഥലം ഒരുക്കാനും അവരെ ആ ലക്ഷ്യത്തിലേക്കു നയിക്കാനും വേണ്ടിയാണ് അവൻ പോകുന്നത്. അങ്ങനെ ഇന്ന് കർത്താവ് നാം പോകേണ്ടുന്ന വിസ്മയകരമായ ഇടത്തെക്കുറിച്ച് നാമെല്ലാവരോടും സൂചിപ്പിക്കുകയും അതേ സമയം അവിടെ എങ്ങനെയാണ് പോകേണ്ടതെന്ന് പറയുകയും പോകാനുള്ള വഴി കാട്ടിത്തരുകയും ചെയ്യുന്നു. എവിടേക്ക് പോകണമെന്നും എങ്ങനെ അവിടെ പോകണമെന്നും അവിടന്ന് നമ്മോടു പറയുന്നു.
ലക്ഷ്യം ഏത്?
എല്ലാത്തിനുമുപരിയായി, എവിടെയാണ് പോകേണ്ടത്. നാം സ്നേഹിക്കുന്ന ഒരാളെ വേർപിരിയാൻ നാം നിർബന്ധിതരാകുമ്പോൾ നമുക്ക് സംഭവിക്കുന്നതുപോലെതന്നെ, ശിഷ്യന്മാർക്കും ഉണ്ടായ അസ്വസ്ഥത യേശു കാണുന്നു, ഉപേക്ഷിക്കപ്പെടുമെന്ന അവരുടെ ഭയം അവിടന്നു കാണുന്നു. അപ്പോൾ അവിടന്ന് പറയുന്നു: “ഞാൻ നിങ്ങൾക്കായി ഒരു സ്ഥലം ഒരുക്കാൻ പോകുന്നു […], എന്തെന്നാൽ, ഞാൻ എവിടെയായിരിക്കുന്നുവോ അവിടെ നിങ്ങളും ഉണ്ടായിരിക്കണം” (യോഹന്നാൻ 14,2-3 കാണുക). ബന്ധങ്ങളുടെയും അടുപ്പത്തിൻറെയും ഇടമായ വീടിൻറെ പരിചിതമായ സാദൃശ്യമാണ് യേശു ഉപയോഗിക്കുന്നത്. അവിടന്ന് തൻറെ സുഹൃത്തുക്കളോട്, നമ്മോട്, പറയുന്നു പിതാവിൻറെ ഭവനത്തിൽ നിനക്ക് ഇടമുണ്ട്, നീ സ്വാഗതം ചെയ്യപ്പെടുന്നു, ഊഷ്മളമാായ ആലിംഗനത്താൽ എന്നേക്കുമായി നീം സ്വാഗതംചെയ്യപ്പെടും, നിനക്കായി ഒരു സ്ഥലം ഒരുക്കാൻ ഞാൻ സ്വർഗ്ഗത്തിലാണ്! പിതാവിൻറെ ആ ആശ്ലേഷം നമുക്കായി ഒരുക്കുന്നു, നിത്യകാലത്തേക്കുള്ള ഇടം.
സാന്ത്വന വചനം
സഹോദരീ സഹോദരന്മാരേ, ഈ വചനം ആശ്വാസത്തിൻറെ ഉറവിടമാണ്, അത് നമുക്ക് പ്രത്യാശയുടെ സ്രോതസ്സാണ്. യേശു നമ്മിൽ നിന്ന് അകന്നുപോയില്ല, മറിച്ച് തന്നെത്തന്നെ വേർപെടുത്തുകയല്ല, നമ്മുടെ അന്തിമ ലക്ഷ്യം, അതായത് നമുക്കോരോരുത്തർക്കും സ്വന്തം ഹൃദയത്തിൽ ഒരു സ്ഥാനമുള്ള ദൈവപിതാവുമായുള്ള കൂടിക്കാഴ്ച, മുൻകൂട്ടി അവതരിപ്പിച്ചുകൊണ്ട് നമുക്കായി വഴി തുറന്നു. പിന്നെ, ക്ഷീണവും പരിഭ്രാന്തിയും, എന്തിന്, പരാജയവും പോലും അനുഭവിക്കുമ്പോൾ, നാം ഓർമ്മിക്കുന്നു നമ്മുടെ ജീവിതം എവിടേക്കാണ് പോകുന്നതെന്ന്. ഇന്ന് നാം നമ്മുടെ ലക്ഷ്യവും അവസാനത്തെതായ സുപ്രധാന ചോദ്യങ്ങളും മറന്നു പോകുന്ന അപകടം ഉണ്ടെന്നിരിക്കിലും നാം നമ്മുടെ ലക്ഷ്യസ്ഥാനത്തു നിന്ന് കണ്ണെടുക്കരുത്: നാം എവിടേക്കു പോകും? നാം ഏതു ദിശയിലേക്കാണ് നീങ്ങുന്നത്? നാം എന്തിനുവേണ്ടിയാണ് ജീവിക്കുന്നത്? ഈ ചോദ്യങ്ങളുടെ അഭാവത്തിൽ, നമ്മൾ ജീവിതത്തെ വർത്തമാനകാലത്തിൽ മാത്രം ഒതുക്കുന്നു, വർത്തമാനകാലം കഴിയുന്നത്ര ആസ്വദിക്കണമെന്ന് കരുതുന്നു, അങ്ങനെ ഒരു ലക്ഷ്യവുമില്ലാതെ, ലക്ഷ്യബിന്ദുവില്ലാതെ നമ്മൾ ദിവസം ജീവിച്ചു തീർക്കുന്നു. മറിച്ച്, നമ്മുടെ മാതൃദേശം സ്വർഗ്ഗത്തിലാണ് (ഫിലിപ്പിയർ 3:20 കാണുക), ലക്ഷ്യത്തിൻറെ മഹത്വവും മനോഹാരിതയും നമുക്ക് മറക്കാതിരിക്കാം!
എൻറെ വഴി ഏത്? സ്വയം ചോദിക്കുക
ലക്ഷ്യസ്ഥാനം ഒരിക്കൽ കണ്ടെത്തിക്കഴിഞ്ഞാൽ, നമ്മളും, ഇന്നത്തെ സുവിശേഷത്തിലെ തോമാശ്ലീഹായെപ്പോലെ, സ്വയം ചോദിക്കും: അവിടേക്ക് എങ്ങനെ പോകും, ഏതാണ് വഴി? ചിലപ്പോൾ, സർവ്വോപരി, വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമ്പോഴും തിന്മ കൂടുതൽ ശക്തമാണെന്ന തോന്നൽ ഉണ്ടാകുമ്പോഴും ഒരാൾ സ്വയം ചോദിച്ചുപോകുന്നു: ഞാൻ എന്തുചെയ്യണം, ഏത് പാതയാണ് ഞാൻ പിന്തുടരേണ്ടത്? യേശുവിൻറെ ഉത്തരം നമുക്ക് ശ്രദ്ധിക്കാം: “വഴിയും സത്യവും ജീവനും ഞാനാണ്” (യോഹന്നാൻ 14:6). “ഞാൻ ആണ് വഴി”. സത്യത്തിൽ ജീവിക്കാനും ജീവൻ സമൃദ്ധമായുണ്ടാകാനും പിന്തുടരേണ്ട വഴി യേശു തന്നെയാണ്. അവൻ വഴിയാണ്, അതിനാൽ അവനിലുള്ള വിശ്വാസം വിശ്വസിക്കേണ്ട “ആശയങ്ങളുടെ ഒരു പൊതിക്കെട്ട്” അല്ല, മറിച്ച് സഞ്ചരിക്കാനുള്ള ഒരു പാതയാണ്, നടത്തേണ്ട ഒരു യാത്രയാണ്, അവനോടൊപ്പമുള്ള ഒരു സഞ്ചാരമാണ്. യേശുവിനെ പിൻചെല്ലലാണത്, കാരണം, അസ്തമിക്കാത്ത ആനന്ദത്തിലേക്ക് നയിക്കുന്ന വഴിയാണ് അവൻ. യേശുവിനെ അനുഗമിക്കുകയും അവനെ അനുകരിക്കുകയും ചെയ്യുക, പ്രത്യേകിച്ച് മറ്റുള്ളവരോടുള്ള സാമീപ്യത്തിൻറെയും കരുണയുടെയും പ്രവർത്തികളിലൂടെ. സ്വർഗ്ഗത്തിലെത്താനുള്ള വഴികാട്ടി യന്ത്രം ഇതാ: പാതയായ യേശുവിനെ, ഭൂമിയിൽ അവൻറെ സ്നേഹത്തിൻറെ അടയാളങ്ങൾ ആയിത്തീർന്നുകൊണ്ട് സ്നേഹിക്കുക.
യേശുവിനെ പിൻചെല്ലുക
സഹോദരീ സഹോദരന്മാരേ, നമുക്ക് വർത്തമാനകാലം ജീവിക്കാം, വർത്തമാന കാലത്തെ നമുക്ക് നമ്മുടെ കൈകളിൽ എടുക്കാം, എന്നാൽ അതിൽ ആമഗ്നരാകാൻ നാം സ്വയം അനുവദിക്കരുത്: നമുക്ക് ഉന്നതത്തിലേക്ക് നോക്കാം, നമുക്ക് സ്വർഗ്ഗത്തിലേക്ക് നോക്കാം, നമ്മുടെ ലക്ഷ്യം ഓർക്കാം, നിത്യതയിലേക്കും ദൈവവുമായുള്ള കണ്ടുമുട്ടലിലേയ്‌ക്കും നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചു ചിന്തിക്കാം. സ്വർഗ്ഗത്തിൽ നിന്ന് ഹൃദയത്തിലേക്ക്, ഇന്ന് നമുക്ക് യേശുവിൻറെ തിരഞ്ഞെടുപ്പ്, അവനെ സ്നേഹിക്കാനും അവനെ അനുഗമിക്കാനുമുള്ള തിരഞ്ഞെടുപ്പ് നവീകരിക്കാം. യേശുവിനെ പിൻചെന്നുകൊണ്ട് തൻറെ ലക്ഷ്യത്തിലെത്തിയ കന്യകാ മറിയം നമ്മുടെ പ്രത്യാശയെ താങ്ങിനിറുത്തട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
ആശീർവ്വാദാനന്തരം പാപ്പാ ശനിയാഴ്ച (06/05/23) ഉറുഗ്വായിലും സ്പെയിനിലുമായി നടന്ന രണ്ടു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനങ്ങളെക്കുറിച്ചു പരാമർശിച്ചു.
മെത്രാൻ ജച്ചീന്തൊ വേരയും മരിയ ദെല കൊൺസെപ്സിയോൺ ബരെച്ചെഗേരൻ യി ഗർസീയയും
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മെത്രാൻ ജച്ചീന്തൊ വേര, ഉറുഗ്വായിലെ മോന്തെവീദെയൊയിൽ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ, നവവാഴ്ത്തപ്പെട്ടവൻ സ്വന്തം ജനത്തെ പരിപാലിക്കുകയും ആഭ്യന്തര കലപത്തിൻറെ പരിമുറക്കത്തിൻറെതായിരുന്ന അന്തരീക്ഷത്തിൽ സാമൂഹ്യ അനുരഞ്ജനം പരിപോഷിപ്പിക്കും വിധം പ്രേഷിത തീക്ഷണതയോടുകൂടി സുവിശേഷത്തിന് ഉദാരസാക്ഷ്യമേകുകയും ചെയ്തുവെന്ന് പ്രസ്താവിച്ചു.
ശനിയാഴ്ച (06/05/23) സ്പെയിനിലെ ഗ്രനാദയിൽ വച്ച് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർക്കപ്പെട്ടത് യുവതിയായിരുന്ന മരിയ ദെല കൊൺസെപ്സിയോൺ ബരെച്ചെഗേരൻ യി ഗർസീയ ആണെന്ന് അനുസമരിച്ച പാപ്പാ ഗുരുതര രോഗത്താൽ ശയ്യാവലംബിയായിത്തീർന്ന നവവാഴ്ത്തപ്പെട്ടവൾ യാതനകളെ വലിയ ആത്മീയ ശക്തിയോടെയാണ് നേരിട്ടതെന്ന് പറഞ്ഞു. അത് എല്ലാവരിലും ആദരവും സാന്ത്വനവും ഉളവാക്കിയെന്നും അവൾ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ 1927-ൽ മരണമടഞ്ഞുവെന്നും പാപ്പാ അനുസ്മരിച്ചു.
മേത്തെർ സംഘടന
പ്രായപൂർത്തിയാകാത്തവർക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനും ചെറുക്കുന്നതിനും വേണ്ടി നിലകൊള്ളുന്ന മേത്തെർ സംഘടനയെയും അതിൻറെ സ്ഥാപകനായ വൈദികൻ ഫൊർത്തുണാത്തൊ ദി നോത്തൊയെയും പാപ്പാ അഭിവാദ്യം ചെയ്തു. ഇരകളായ കുട്ടികൾക്കായുള്ള ഇരുപത്തിയേഴാം ദിനം ഈ ഞായറാഴ്‌ച (07/05/23) ആചരിക്കപ്പെട്ടതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ ദുരുപയോഗിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ടി ഈ സംഘടന 30 വർഷമായി പ്രവർത്തിക്കുന്നത് അനുസ്മരിച്ചു. ഇരകളുടെ ചാരെ ആയിരിക്കുന്നതിന് ഒരിക്കലും മടുപ്പനുഭവപ്പെടരുതെന്ന് പാപ്പാ അവർക്ക് പ്രചോദനം പകരുകയും പ്രാർത്ഥനയും സ്നേഹവും വഴി താൻ അവരുടെ ചാരെയുണ്ടെന്ന് ഉറപ്പുനല്കുകയും ചെയ്തു.
സ്വിസ് ഭടന്മാർക്ക് അഭിവാദ്യങ്ങൾ
വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന സ്വിസ് കാവൽഭടന്മാരുടെ ഗണത്തിലേക്ക് പുതിയതായി ചേർക്കപ്പെട്ടവരെയും ആ ആഘോഷത്തിൽ പങ്കെടുത്ത അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പാപ്പാ അഭിവാദ്യം ചെയ്തു.
പൊംപെയിലെ നാഥയോടുള്ള പ്രാർത്ഥന
പാരമ്പര്യമായി, മെയ് 8-ന് ഇറ്റലിയിലെ പൊംപെയിൽ ജപമാല നാഥയോടുള്ള പ്രത്യേക പ്രാർത്ഥന നടത്തുന്നതും വാഴ്ത്തപ്പെട്ട ബർത്തോളൊ ലോംഗൊ ആ ദേവാലയം സമാധാനത്തിനായി സമർപ്പിക്കാൻ അഭിലഷിച്ചതും പാപ്പാ അനുസ്മരിച്ചു.
ഉക്രൈയിനിൻറെ സമാധാനത്തിനായി
സമാധാനമെന്ന ദാനം, പ്രത്യേകിച്ച് പീഡിത ഉക്രൈയിന് ലഭിക്കുന്നതിനായി, ഈ മെയ് മാസത്തിൽ, ജപമാല ചൊല്ലി പരിശുദ്ധ കന്യകയോട് അപേക്ഷിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. കഷ്ടത അനുഭവിക്കുന്നവരുടെയും സമാധാനം ആഗ്രഹിക്കുന്നവരുടെയും അഭിലാഷങ്ങൾ ശ്രവിക്കാൻ രാഷ്ട്രനേതാക്കൾക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
സമാപനാഭിവാദ്യം
ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം റോമാക്കാരും ഇറ്റലിയുടെ ഇതരഭാഗങ്ങളിൽനിന്നും വിവിധരാജ്യങ്ങളിൽ നിന്നും എത്തിയിരുന്നവരുമായിരുന്ന തീർത്ഥാടകരെ അഭിവാദ്യം ചെയ്ത പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് ആശംസിക്കുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് പാപ്പാ കൈകൾ വീശി മന്ദസ്മിതത്തോടെ, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision