വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതികൾ ഉൾപ്പെടെയുള്ള സഹനദിനങ്ങളിലൂടെ കടന്നുപോകുന്ന ലോകജനതയെ ഒന്നടങ്കം അമലോത്ഭവ നാഥയ്ക്ക് സമർപ്പിച്ച് , ലോകസമാധാനത്തിനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ സ്പാനിഷ് ചത്വരത്തിൽ! കാൽമുട്ടു വേദന അലട്ടുന്നുണ്ടെങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യത്തിന് ഫ്രാൻസിസ് പാപ്പ മാറ്റം വരുത്തിയില്ല. ‘സ്പാനിഷ് ചത്വര’ത്തിലെ (പ്ലാസ ഓഫ് സ്പാനിഷ്) അമലോത്ഭവ മാതാവിന്റെ തിരുരൂപത്തിനു മുന്നിലെത്തി റോമൻ ജനതയേയും ലോകത്തെ ഒന്നടങ്കവും പാപ്പ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കുകയായിരുന്നു. അമലോത്ഭവ തിരുനാളിൽ റോമാ നഗരത്തിലുള്ള ‘സ്പാനിഷ് ചത്വര’ത്തിലെ മരിയൻ തിരുരൂപത്തിനു മുന്നിൽ അർപ്പിക്കുന്ന പേപ്പൽ തിരുക്കർമങ്ങൾ സവിശേഷമാണ്. വത്തിക്കാനിലെ സ്പാനിഷ് എംബസിക്ക് സമീപമുള്ള മരിയൻ തിരുരൂപത്തിന്റെ മുന്നിൽ പൂച്ചെണ്ടുകൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് പതിറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗംകൂടിയാണ്.പ്രാദേശിക സമയം വൈകിട്ട് 4.00നാണ് വെളുത്ത വത്തിക്കാനിലെ സ്പാനിഷ് എംബസിക്ക് സമീപമുള്ള മരിയൻ സ്തൂപത്തിനു മുന്നിൽ പാപ്പ എത്തിയത്. സ്തൂപത്തിന് മുന്നിൽ റോസാപൂക്കൾകൊണ്ടുള്ള പൂക്കൂട സമർപ്പിച്ചശേഷം ദൈവമാതാവിനു മുന്നിൽ പാപ്പ സമ്രശിരസ്‌ക്കനായി, ലോകജനതയെ ഒന്നടങ്കവും വിശിഷ്യാ, യുദ്ധക്കെടുതികൾ അനുഭവിക്കുന്ന യുക്രേനിയൻ ജനതയെയും അമ്മയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിച്ചു. കർദിനാൾ ആഞ്ചെലോ ദേ ദൊണാത്തിസ്, സിവിൽ അധികാരികൾ എന്നിവർക്കൊപ്പം സ്പാനിഷ് എംബസിയിൽനിന്നുള്ള ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.12 അടി ഉയരമുള്ള സ്തൂപത്തിൽ വെങ്കലത്തിൽ നിർമിച്ച അമലോത്ഭവ മാതാവിന്റെ തിരുരൂപം 1857 ഡിസംബർ എട്ടിനാണ് സ്ഥാപിതമാത്. വിഖ്യാത ശിൽപ്പിയായ ഗ്യൂസെപ്പെ ഒബിസിയാണ് ശിൽപ്പി. സ്തൂപം ഉൾപ്പെടെ തിരുരൂപത്തിന് തറയിൽനിന്ന് ഏതാണ്ട് 22 മീറ്റർ ഉയരംവരും! അഗ്നിശമന സേനാംഗങ്ങൾ ഫയർ ട്രക്ക് ഗോവണിക്ക് മുകളിൽ കയറി കന്യകയുടെ കരങ്ങളിൽ പുഷ്പഹാരം സമർപ്പിക്കുന്ന പരമ്പരാഗത ആചാരത്തിനും സ്പാനിഷ് ചത്വരം വീണ്ടും സാക്ഷിയായി.മരിയ മജോരെ ബസിലിക്കയിലും പാപ്പ സന്ദർശനം നടത്തിയിരുന്നു. ‘റോമൻ ജനതയുടെ രക്ഷക’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മരിയൻ ചിത്രത്തിനു മുന്നിൽ വെള്ള റോസാപൂവുകളുടെ ബൊക്കെ സമർപ്പിച്ച് പ്രാർത്ഥിച്ചശേഷമാണ് പാപ്പ ചത്വരത്തിൽ എത്തിയത്. 1953ൽ പിയൂസ് 12-ാമൻ പാപ്പയാണ് ഈ പതിവ് ആരംഭിച്ചത്. കോവിഡ് മഹാമാരി മൂലമുള്ള നിയന്ത്രങ്ങൾ ഉണ്ടായിരുന്ന 2020ലും 2021ലും ഫ്രാൻസിസ് പാപ്പ ചത്വരത്തിലെത്തി ദൈവമാതാവിന്റെ തിരുരൂപത്തിനു മുന്നിൽ ബൊക്കെ സമർപ്പിച്ച് പ്രാർത്ഥിച്ചത് ശ്രദ്ധേയമായിരുന്നു.
ലോകജനതയെ ഒന്നടങ്കം അമലോത്ഭവ നാഥയ്ക്ക് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ
Date: