വാലെറ്റ: ബോംബുവർഷം തുടരുന്ന യുക്രെയ്നിൽ സമാധാനം പുലരാനായി എല്ലാവരും പ്രാർഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.
മാൾട്ട സന്ദർശനത്തിനിടെ ഫ്ലോറിയാനയിൽ ദിവ്യബലി അർപ്പിച്ചശേഷം ത്രികാലജപം ചൊല്ലിയ മാർപാപ്പ യുക്രെയ്നെ പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്തിനു സമർപ്പിച്ചു പ്രാർഥിച്ചു.
ദൈവനിന്ദാപരമായ ഈ യുദ്ധം അവസാനിക്കാനും യുക്രെയ്നിൽനിന്നു പലായനം ചെയ്യുന്നവർക്ക് കരുണയും സഹാനുഭൂതിയും ലഭിക്കാനും എല്ലാവരും പ്രാർഥിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു.
റബാത്തിലുള്ള പൗലോസ് ശ്ലീഹായുടെ ഗ്രോട്ടോയിൽ പ്രാർഥിച്ചുകൊണ്ടാണു മാർപാപ്പ മാൾട്ടാ സന്ദർശനത്തിന്റെ രണ്ടാം ദിനം ആരംഭിച്ചത്. റോമിലേക്കു പോകുംവഴി കപ്പൽ തകർന്ന് കരയ്ക്കടിഞ്ഞ ശ്ലീഹാ മൂന്നു മാസം കഴിഞ്ഞതിവിടെയാണ്. ഇക്കാലയളവിൽ സുവിശേഷം പ്രസംഗിച്ച അദ്ദേഹം ദ്വീപുവാസികളെ മാമോദീസാ മുക്കി.
ഗ്രോട്ടോ സ്ഥിതി ചെയ്യുന്ന സെന്റ് പോൾസ് കത്തീഡ്രലിലെത്തിയ മാർപാപ്പ മതനേതാക്കളുമായും ഇരുപതോളം രോഗികളുമായും കൂടിക്കാഴ്ച നടത്തി.
ഗ്രോട്ടോയിൽ തിരി തെളിച്ചു പ്രാർഥിച്ച അദ്ദേഹം, ആരെന്നോ എന്തെന്നോ അറിയാതെയാണ് മാൾട്ടയിലെ വിജാതീയർ പൗലോസ് ശ്ലീഹായോട് അകമഴിഞ്ഞ കാരുണ്യം കാട്ടിയതെന്ന് ഓർമിപ്പിച്ചു.
തുടർന്ന് ഫ്ലോറിയാനയിൽ മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ 12,000 പേർ പങ്കെടുത്തു. തുടർന്ന് മാർപാപ്പ അഭയാർഥികളും കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ആറു മണിയോടെ മാർപാപ്പ മാൾട്ട സന്ദർശനം പൂർത്തിയാക്കി റോമിലേക്കു വിമാനം കയറി.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും എമരിറ്റസ് മാർപാപ്പ ബെനഡിക്റ്റ് പതിനാറാമനും മാൾട്ട സന്ദശിച്ചപ്പോൾ റബാത്തിലെ ഗ്രോട്ടോയിൽ പ്രാർഥിച്ചിരുന്നു.