ജൂലൈ മാസം ഒൻപതാം തീയതി വത്തിക്കാനിൽ വിശ്വാസികളോടൊപ്പം മധ്യാഹ്ന പ്രാർത്ഥന നയിച്ച ശേഷമുള്ള, സന്ദേശത്തിന്റെ അവസാനമാണ് ഫ്രാൻസിസ് പാപ്പാ കത്തോലിക്കാ സഭയിൽ പുതിയതായി 21 കർദിനാളന്മാരെ കൂടി പ്രഖ്യാപിച്ചത് സെപ്റ്റംബർ മാസം മുപ്പതാം തീയതിയാണ് ഇവരെ നിയമിച്ചുകൊണ്ടുള്ള കൺസിസ്റ്ററി വത്തിക്കാനിൽ വച്ച് നടക്കുന്നത്.
പുതിയ കർദിനാളന്മാരുടെ നിയമനം സഭയുടെ സാർവത്രികതയെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നുവെന്നും, അത് ഭൂമിയിലുള്ള സകല ജനങ്ങളോടുമുള്ള ദൈവത്തിന്റെ അഗാധമായ സ്നേഹം വെളിവാക്കുന്നുവെന്നും പ്രഖ്യാപനത്തിന് ആമുഖമായി ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അതിനാൽ റോം രൂപതയിലേക്ക് കർദിനാളന്മാരെ ഉൾച്ചേർക്കുന്നതിലൂടെ പത്രോസിന്റെ സിംഹാസനവും, പ്രാദേശിക സഭകളും തമ്മിലുള്ള അഭേദ്യമായ ബന്ധം കൂടുതൽ ഊഷ്മളമായി പ്രതിഫലിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പുതിയ കർദിനാളന്മാരിൽ 19 പേർ സഭയിൽ മെത്രാന്മാരായി സേവനം അനുഷ്ഠിക്കുന്നവരാണ്. മറ്റു രണ്ടുപേരിൽ ഒരാൾ സലേഷ്യൻ സഭയുടെ റെക്ടർ മേജറും, മറ്റൊരാൾ അർജന്റീനയിലെ ബ്യുണസ് ഐറസിലുള്ള പോംപെ മാതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രത്തിലെ കുമ്പസാരക്കാരനുമാണ്.
പുതിയ കർദിനാൾമാരായി പ്രഖ്യാപിക്കപെട്ടവർ:
മോൺ.റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് OSA, മെത്രാന്മാർക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്
മോൺ.ക്ലൗധിയോ ഗുജറോത്തി, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്
മോൺ.വിക്ടർ മാനുവൽ ഫെർണാണ്ടസ്, വിശ്വാസതിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്
മോൺ.എമിൽ പോൾ ഷെറിങ്, ഇറ്റലിയുടെ അപ്പസ്തോലിക നുൺഷ്യോ
മോൺ.ക്രിസ്റ്റോഫ് ലൂയിസ് യീവ് ജോർജ് പിയർ, അമേരിക്കയുടെ അപ്പസ്തോലിക നുൺഷ്യോ
മോൺ.പിയർ ബറ്റിസ്‌ത പിറ്റ്സബാല, ജെറുസലേമിന്റെ ലത്തീൻ പാത്രിയാർക്കീസ്
മോൺ.സ്റ്റീഫൻ ബ്രിസ്‌ലിൻ, സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗൺ അതിരൂപത മെത്രാപോലീത്ത
മോൺ.ആംഗേൽ സിക്‌സ്‌തോ റോസി, കോർദോബ അതിരൂപത മെത്രാപോലീത്ത
മോൺ.ലൂയിസ് ഹോസെ റുവേദ അപാരിസിയോ, ബൊഗോത്ത അതിരൂപത മെത്രാപോലീത്ത
മോൺ.ഗ്രിഗോർസ് റിസ്, പോളണ്ടിലെ ലോഡ്‌സ് അതിരൂപത മെത്രാപോലീത്ത
മോൺ.സ്റ്റീഫൻ അമെയു മാർട്ടിൻ മുല്ല, ജൂബ അതിരൂപത മെത്രാപോലീത്ത
മോൺ.ഹോസെ കോബോ കാനോ, മാഡ്രിഡ് അതിരൂപത മെത്രാപോലീത്ത
മോൺ.പ്രോത്താസെ റുഗാമ്ബ്വ,ടാബോറ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാപോലീത്ത
മോൺ.സെബാസ്റ്റ്യൻ ഫ്രാൻസിസ്, പെനാങ് രൂപതയുടെ മെത്രാൻ
മോൺ.സ്റ്റീഫൻ ചൗ സൗ യാൻ, ഹോംഗ് കോങ്ങ് രൂപതാ മെത്രാൻ
മോൺ.ഫ്രാൻസിസ് സേവ്യർ ബുസ്റ്റില്ലോ,അയാച്ചോ രൂപതാ മെത്രാൻ
മോൺ.അമേരിക്കോ മാനുവൽ ആൽവേസ് അഗിയർ, ലിസ്ബൺ രൂപതയുടെ സഹായ മെത്രാൻ
റവ. ആംഗേൽ ഫെർണാണ്ടസ് ആർത്തിമേ, സലേഷ്യൻ സഭയുടെ റെക്ടർ മേജർ
മോൺ. അഗസ്റ്റിനോ മർക്കെത്തോ, എക്സ്-അപ്പസ്തോലിക നുൺഷ്യോ
മോൺ.ദിയേഗോ റഫായേൽ പദ്രോൻ സാഞ്ചേസ്, കുമാന അതിരൂപതയുടെ ആർച്ചുബിഷപ്പ് എമെറിറ്റസ്
റവ.ലൂയിസ് പാസ്കൽ ദ്രി, കപ്പൂച്ചിൻ സഭാംഗവും അർജന്റീനയിലെ ബ്യുണസ് ഐറസിലുള്ള പോംപെ മാതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രത്തിലെ കുമ്പസാരക്കാരനും.
പുതിയ കർദിനാൾ ഗണത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പെനാങ് രൂപതയുടെ മെത്രാനായ മോൺ.സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ മാതാപിതാക്കൾ കേരളത്തിലെ തൃശൂർ അതിരൂപതയിൽ പെട്ട ഒല്ലൂർ ഇടവകയിൽ നിന്നും വർഷങ്ങൾക്കു മുൻപ് മലേഷ്യയിലേക്ക് കുടിയേറിയവരാണ്.
കുമാന അതിരൂപതയുടെ ആർച്ചുബിഷപ്പ് എമെറിറ്റസ് മോൺ.ദിയേഗോ റഫായേൽ പദ്രോൻ സാഞ്ചേസ് തന്റെ ഔദ്യോഗിക പദവി ഒഴിഞ്ഞതിനു ശേഷം വിശ്രമ ജീവിതം തിരഞ്ഞെടുക്കാതെ വെനസ്വേലയിലെ വലൻസിയ രൂപതയിൽ പെട്ട ഒരു ചെറിയ ഇടവകയിൽ ഇടവക വികാരിയായി സേവനം ചെയ്യുകയാണെന്നതും ഈ അവസരത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision