ആധുനിക കത്തോലിക്കാ സഭയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സൂചന.
പാപ്പയുടെ മുൻ പേഴ്സണൽ സെക്രട്ടറിയായിരുന്ന ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിനാണ് ഈ ശുഭപ്രതീക്ഷ പങ്കുവെച്ചത്. ജനുവരി 7-ന് ലിത്വാനിയയിലെ നാഷണൽ ലൈബ്രറിയിൽ ‘കെലിയോണെ’ (Kelionė) മാസിക സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെനഡിക്ട് പാപ്പയുടെ അവസാന നിമിഷങ്ങൾക്കും അന്ത്യാഭിലാഷങ്ങൾക്കും സാക്ഷിയായ ആർച്ച് ബിഷപ്പ് ഗാൻസ്വെയിൻ, പാപ്പയുമായുള്ള തന്റെ ആത്മീയ ബന്ധത്തെക്കുറിച്ചും മനസ് തുറന്നു. “ബെനഡിക്ട് പതിനാറാമൻ പാപ്പ ഇപ്പോൾ കർത്താവിനോടൊപ്പമാണ്. അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ അദ്ദേഹം മോക്ഷം പ്രാപിക്കാൻ വേണ്ടിയല്ല പ്രാർത്ഥിക്കുന്നത്, മറിച്ച് അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം തേടിക്കൊണ്ടാണ് പ്രാർത്ഥിക്കുന്നത്,” ഗാൻസ്വെയിൻ പറഞ്ഞു. ബാൾട്ടിക് രാജ്യങ്ങളിലെ തന്റെ ഔദ്യോഗിക ശുശ്രൂഷകൾക്കിടയിൽ പലപ്പോഴും പാപ്പയുടെ സഹായം താൻ തേടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
\












