പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവേദി സഭൈക്യസമ്മേളന വേദിയായി മാറി. സഹോദരി സഭകളോട് പാലാ പൂലർത്തുന്ന ആത്മബന്ധത്തിന്റെ തെളിവായി മാറി ജൂബിലി ആഘോഷങ്ങളെല്ലാം.
ആറ് ക്രൈസ്തവ സഭാ തലവന്മാരുടെ സാന്നിധ്യവും മറ്റ് സഹോദരി സഭകളിലെ മേലധ്യക്ഷന്മാരുടെ ആശംസകളേറ്റുവാങ്ങിയുമാണ് ഉജ്ജ്വല സമ്മേളനം സമാപിച്ചത്. സീറോ മലബാർ, സീറോമലങ്കര, യാക്കോബായ, മലബാർ സ്വതന്ത്രസുറിയാനി, പൗരസ്ത്യ കൽദായ സുറിയാനി, ക്നാനായ യാക്കോബായ സുറിയാനി സഭകളുടെ തലവന്മാരാണ് സമ്മേളത്തിൽ പാലാ രൂപതയുടെ പ്രതിനിധികളായെത്തിയ രണ്ടായിരത്തോളംവരുന്നവരെ അഭിസംബോധന ചെയ്തത്. സിബിസിഐ പ്രസിഡന്റും സമ്മേളനത്തിൽ പങ്കെടുത്തു.
ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപനും സമ്മേളനത്തിലെത്തി ആശംസകൾ നേർന്നു. സീറോ മലബാർ സഭയിലെ വിവിധ രൂപതാധ്യക്ഷന്മാർക്കൊപ്പം പാലാ രൂപത തിരുസഭയ്ക്ക് സമ്മാനിച്ച മെത്രാന്മാരും സമ്മേളനത്തിലെത്തിയിരുന്നു.













